സി.ടി.സ്‌കാന്‍ പണിമുടക്കി- പലര്‍ക്കും ചാകരക്കൊയ്ത്ത്

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സി.ടി.സ്‌കാന്‍ പണിമുടക്കി, രോഗികള്‍ ദുരിതത്തില്‍.

കഴിഞ്ഞ 5 ദിവസമായി സി.ടി സ്‌കാന്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ രോഗികള്‍ സ്വകാര്യ സ്‌കാനിംഗ് സെന്ററുകളെ ആശ്രയിക്കുകയാണ്.

വാര്‍ഷിക അറ്റകുറ്റപ്പണി നടത്തുന്നതില്‍ കാണിച്ച അലംഭാവം കാരണമാണ് സി.ടി.സ്‌കാന്‍ മെഷീന്‍ കേടായതെന്നാണ് വിവരം.

ആരോഗ്യ ഇന്‍ഷൂറന്‍സും കാരുണ്യ പദ്ധതിയും ഉപയോഗപ്പെടുത്തുന്ന പാവപ്പെട്ട രോഗികള്‍ക്കാണ് ഇത് ഏറെ ബുദ്ധിമുട്ടായത്.

മറ്റുള്ളവര്‍ക്കും സ്വകാര്യ സ്‌കാനിംഗ് സെന്ററുകളില്‍ ഉള്ളതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ഇവിടെ സ്‌കാനിംഗ് നടത്താന്‍ സാധിക്കാറുണ്ട്.

കഴിഞ്ഞ ദിവസം ചെറുതാഴത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പന്‍മാരെ പരിയാരത്തേക്ക് കൊണ്ടുവന്നപ്പോള്‍ സി.ടി.സ്‌കാന്‍ നടത്താന്‍ സ്വകാര്യ സ്‌കാനിംഗ് സെന്ററിലേക്ക് പോകാന്‍ ആവശ്യപ്പെട്ടപ്പോഴാണ് നാട്ടില്‍ പോയി ചികില്‍സ നടത്തിക്കൊള്ളാം എന്ന് പറഞ്ഞ് രണ്ടുപേര്‍ നിര്‍ബന്ധ ഡിസ്ച്ചാര്‍ജ് വാങ്ങിപ്പോയത്.

പരിയാരത്ത് തന്നെ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ കൂട്ടായ്മയുടെ സ്വകാര്യ സ്‌കാനിംഗ് സെന്ററിനെ സഹായിക്കാനാണോ അറ്റകുറ്റപ്പണികള്‍ കൃത്യസമയത്ത് നടത്താതെ സ്‌കാനിംഗ് മെഷീന്‍ കോടാവുന്നതുവരെ കാത്തിരുന്നതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

വാഹനാപകടകേസുകളില്‍ എത്തുന്ന രോഗികളെയും സ്‌കാനിംഗ് ആവശ്യമുള്ള മറ്റ് രോഗികളെയും ആംബുലന്‍സില്‍ കൊണ്ടുപോകാന്‍ അമിത നിരക്ക് ഈടാക്കുന്നതായും പരാതിയുണ്ട്.

സ്‌കാനിംഗ് മെഷീനിന്റെ കേടായ ഒരു ഉപകരണം ലഭിക്കാനുള്ള കാലതാമസമാണ് റിപ്പേര്‍ വൈകാന്‍ കാരണമായതെന്നും അടുത്ത ദിവസം തന്നെ സ്‌കാനിംഗ് മെഷീന്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.