കസ്റ്റഡിയില്‍ മരണം-ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിക്കും.
പരിയാരം: ശ്രീകണ്ഠാപുരം പോലീസിന്റെ കസ്റ്റഡിയില്‍ മരണപ്പെട്ട കര്‍ണാടക സ്വദേശി ശിവകുമാറിന്റെ(56) മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
മരണം സംബന്ധിച്ച് പോലീസ് വകുപ്പ് തലത്തില്‍ കൂടുതല്‍ അന്വേഷണമാരംഭിച്ചു.
ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി മനോജ്കുമാറിനാണ് അന്വേഷണച്ചുമതല.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ശിവകുമാറിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ തളിപ്പറമ്പ് ആര്‍ഡി.ഒ ജുഡീഷ്യല്‍ ഒന്നാംക്ലാസ്
മജിസ്‌ട്രേട്ട് എന്നിവരുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍ ഇന്ന് രാവിലെ ഇന്‍ക്വസ്റ്റ് നടത്തി.
ബുധനാഴ്ച്ച കര്‍ണാടകയില്‍ നിന്നും കസ്റ്റഡിയിലെടുത്ത് വ്യാഴാഴ്ച്ച രാവിലെ ശ്രീകണ്ഠാപുരം പോലീസ് സ്‌റ്റേഷനിലെത്തിച്ച ശിവകുമാര്‍ ഉച്ചക്ക് പന്ത്രണ്ടോടെയാണ് ചോദ്യം ചെയ്യലിനിടയില്‍ കുഴഞ്ഞുവീണത്.
കൂട്ടുംമുഖം ഗവ.കമ്യൂണിറ്റി മെഡിക്കല്‍ സെന്ററിലും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും എത്തിച്ച ശേഷമാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിയത്. ആശുപത്രിയിലെത്തുമ്പോഴേക്കും ശിവകുമാര്‍ മരണപ്പെട്ടിരുന്നു.
ഭാര്യ, മക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയ ബന്ധുക്കളെല്ലാം ഇന്ന് രാവിലെ മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് രണ്ടോടെ മൃതദേഹം ജന്‍മനാടായ ചിത്രദുര്‍ഗയിലേക്ക് കൊണ്ടുപോയി.
ഇന്‍ക്വസ്റ്റില്‍ ശരീരത്തില്‍ പ്രത്യക്ഷമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് സൂചന.
