അടിത്തറയിളകി-മധ്യവയസ്‌ക്കന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ റിക്കാര്‍ഡ് വിഭാഗം ഓഫീസിന്റെ വുഡന്‍ അടിത്തറ തകര്‍ന്നു, ഓഫീസിലെത്തിയ മധ്യവയസ്‌ക്കന്‍ അപകടത്തില്‍ പെടാതെ അല്‍ഭുതകരമായി രക്ഷപ്പെട്ടു.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം.

മെഡിക്കല്‍ കോളേജിന്റെ റിക്കാര്‍ഡ് വിഭാഗം പ്രവര്‍ത്തിപ്പിക്കുന്ന കെട്ടിടത്തില്‍ മരം ഉപയോഗിച്ച് അശാസ്ത്രീയമായി തട്ടടിച്ച് അടിത്തറ പണിതാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

ഓഫീസ് ആവശ്യത്തിന് എത്തിയ ആള്‍ തറയില്‍ ചവിട്ടിയപ്പോള്‍ ഇത് ഇടിഞ്ഞ് താഴുകയായിരുന്നു.

ഇദ്ദേഹത്തിന്റെ കാല്‍ താഴേക്ക് താഴ്ന്നുവെങ്കിലും ഓഫീസിലുള്ളവര്‍ ചേര്‍ന്ന് വലിച്ചു കയറ്റി രക്ഷപ്പെടുത്തി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച മരം കൊണ്ടുള്ള തറയുടെ സുരക്ഷിതത്വം ഇതോടെ ആശങ്കയിലായിരിക്കയാണ്.

അടിയന്തിരമായി അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന ആവശ്യം ശക്തിപ്പെട്ടിട്ടുണ്ട്.