ദയയുടെ സേവനവഴിയില്‍ ഇനി ആംബുലന്‍സും-
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് സമാനതകളില്ലാത്ത സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കുന്ന ദയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആംബുലന്‍സ് വാഹനം നാളെ ആഗസ്ത്-1 ന് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ 5 വര്‍ഷമായി ദയ നടത്തിക്കൊണ്ടിരിക്കുന്ന സേവനത്തിന്റെ വഴിയിലൂടെയുള്ള യാത്രയ്ക്ക് ഊര്‍ജ്ജമേകിക്കൊണ്ട് ആരംഭിക്കുന്ന ആംബുലന്‍സ് സേവനത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ പ്രമുഖവ്യക്തികള്‍ പങ്കെടുക്കും.
2021-22 വര്‍ഷത്തെ സി.എസ്.ആര്‍. ഫണ്ട് ഉപയോഗപ്പെടുത്തി കെ.എസ്.എഫ്.ഇ. ദയയ്ക്ക് അനുവദിച്ച ആംബുലന്‍സ് സൗജന്യനിരക്കില്‍ നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമായി സര്‍വ്വീസ് നടത്തുമെന്ന് ദയ ഭാരവാഹികള്‍ അറിയിച്ചു.
2017 ഡിസംബര്‍ 12-ന് അന്നത്തെ ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന ദയയുടെ പ്രവര്‍ത്തനം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെത്തിച്ചേരുന്ന നിര്‍ധനരായ രോഗികള്‍ക്ക് കരുതലും കൈത്താങ്ങുമാണ്.
ജീവനക്കാര്‍, ഡോക്ടര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ നിസ്വാര്‍ത്ഥ സഹകരണം ദയയുടെ ചുവടുവെപ്പുകള്‍ക്ക് കരുത്തേകുന്നതായി ഭാരവാഹികള്‍ പറഞ്ഞു.
എ.വി.രവീന്ദ്രന്‍ പ്രസിഡന്റും സീബാ ബാലന്‍ സെക്രട്ടെറിയും പി.വി.രഞ്ജിത്ത്കുമാര്‍ ട്രഷററുമായ കമ്മറ്റിയാണ് ദയയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കാല്‍പര്യമുള്ള മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ അംഗങ്ങളാണ്.