മല്‍സ്യവണ്ടികള്‍ വരാത്ത കേരളത്തിലെ ഏകഗ്രാമം—ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര- ഭാഗം-രണ്ട്

കൈതപ്രത്തെ പഴമക്കാര്‍ ഇപ്പോഴും പറയും. അന്ന് വണ്ണാത്തിപുഴയുടെ കടവി ലായിരുന്നു ചന്തകള്‍, വൈകുന്നേരങ്ങളില്‍ തോണികളില്‍ പഴങ്ങളും പച്ചക്കറികളും മൊക്കെവന്നുപോയുമിരിക്കും. അന്തിച്ചന്തകളെന്നായിരുന്നു ഇതിന് പേര്.

പക്ഷെ തോണിയിലൂടേയും അങ്ങാടിയിലും അന്നും ഇന്നും ഒരു മല്‍സ്യവണ്ടിയും വന്നിട്ടില്ല.

മത്സ്യമാംസാദികള്‍ നിഷിദ്ധമായ വേദപഠനവും പൂജാവിധികളുമായി കഴിയുന്ന ഒരു സമൂഹം മാത്രം താമസിക്കുന്ന ഗ്രാമമായതിനാലാണ് മല്‍സ്യവില്‍പനക്കാര്‍ കൈതപ്രം ഗ്രാമത്തിലേക്ക് തിരിഞ്ഞുനോക്കാത്തത്.

മറ്റ് പല സ്ഥലങ്ങളിലും നമ്പൂതിരി കുടുംബങ്ങള്‍ താമസിക്കുന്നത് മറ്റ് ജാതിമതസ്ഥരോടൊപ്പം ഇടകലര്‍ന്നാണ്. അതുകൊണ്ട് തന്നെ അവിടെയൊക്കെ മല്‍സ്യവണ്ടികള്‍ വരാറുണ്ട്. പക്ഷെ, കൈതപ്രത്ത് നമ്പൂതിരി കുടുംബങ്ങള്‍ മാത്രം മുള്ളതിനാല്‍ മല്‍സ്യവണ്ടി വന്നിട്ട് ഒരു കാര്യവുമില്ല.

ചുരുക്കി പറഞ്ഞാല്‍ കേരളത്തില്‍ മല്‍സ്യവണ്ടികള്‍ വരാത്ത ഏക ഗ്രാമം കൈതപ്രമായിരിക്കും.

കൈതപ്രം ഗ്രാമത്തിന് ദേവഭൂമിയുടെ വിശുദ്ധിയാണ്. ഓരോ ഇല്ലത്തും രാവിലെയും വൈകീട്ടും നിത്യപൂജ നടക്കും. ഇവിടെ വളരുന്ന ഓരോ നമ്പൂതിരിയും ജനിച്ചയുടനെ ജാതകകര്‍മ്മങ്ങള്‍ ഉള്‍പ്പെടെയുള്ള ഷോഡശകര്‍മ്മങ്ങള്‍ അനുഷ്ടിക്കുന്നു.

വേദപഠനം ഓരോ ഗ്രാമവാസിക്കും നിര്‍ബന്ധം. വേദപഠനത്തിനിടെ ആചരിക്കുന്ന ബഹ്മചര്യം, പിന്നെ സമാവര്‍ത്തനം-ഇവയൊക്കെ തത്വത്തില്‍ ഒരു മനുഷ്യനെ മാറ്റിയെടുക്കുകയാണ്.

മൂന്ന് ശ്രീകൃഷ്ണ ക്ഷേത്രങ്ങളുണ്ട്. കൈതപ്രം ഗ്രാമത്തില്‍. നമ്പൂതിരി കുടുംബങ്ങളുടെ മാത്രം ഊരാഴ്മയിലുള്ള ശ്രീകൃഷ്ണ മതിലകം ക്ഷേത്രം, ശ്രീവാസുദേവപുരം ക്ഷേത്രം, ശ്രീകൃഷ്ണപുരം ക്ഷേത്രം എന്നിവയാണവ.

ഇതിപുറമെയാണ് നാല് ദശകങ്ങളുടെ അധിപനായ കൈലാസനാഥന്‍ കൂടിയിരിക്കുന്ന  കൈലാസനാഥ ക്ഷേത്രം.

ഈ ക്ഷേത്രങ്ങള്‍ കൈതപ്രം ഗ്രാമത്തിന്റെ ദേവചൈതന്യത്തിന്റെ മാറ്റ് കൂട്ടിക്കൊണ്ടിരിക്കുകയാണ്.

ഇതൊക്കെ കേള്‍ക്കുമ്പോള്‍ വിചാരിക്കുക, കൈതപ്രം കടുത്ത ആഢ്യബ്രാഹ്മണ യാഥാസ്ഥിതിക സമൂഹമാണെന്നായിരിക്കും, യഥാസ്ഥിതികതയും വിശ്വാസവും വളരെ വലുതാണെങ്കിലും അതിനെയൊക്കെ അതിജീവിച്ച് അന്യമതസ്ഥരെയും ബഹുമാനിക്കുന്നവരാണ് കൈതപ്രം ബ്രാഹ്മണ സമൂഹം.

പല പ്രമുഖരും ഈ ഗ്രാമത്തിലുണ്ട്. മണ്‍മറഞ്ഞ പണ്ഡിത ശ്രേഷ്ഠര്‍ ഇന്നവര്‍ക്ക് വഴികാട്ടികളാണ്. സംഗീത കുലപതി ചെമ്പൈയുടെ ശിഷ്യര്‍, ചിത്രകരന്‍ രാജാരവിവര്‍മ്മയുടെ സതീര്‍ഥ്യരായവര്‍ ഒക്കെ കൈതപ്രത്ത് ജീവിച്ചിട്ടുണ്ട്.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച എണ്ണമറ്റ പ്രഗത്ഭര്‍ ഈ നാട്ടിലുണ്ട്. കൈതപ്രത്തെ ഓരോവീട്ടിലും ഒന്നോ രണ്ടോ അധ്യാപകരുണ്ട്. കൈതപ്രത്ത് ചെന്ന് ആരെങ്കിലും നമ്പൂതിരി മാഷെ അന്വേഷിച്ചാല്‍ നാട്ടുകാര്‍ കുഴങ്ങും.

ഒരേ പേരില്‍ തന്നെ ഒന്നും രണ്ടും അധ്യാപകരുണ്ടെന്നതും മറ്റൊരുരസകരമായ വസ്തുത.

കൈതപ്രത്തെ ധന്യമാക്കി പരലോകംപൂകിയ പ്രഗത്ഭരുടെ ചങ്ങല കണ്ണികള്‍ ഇവിടെ ചേര്‍ത്ത് വെച്ചേ മതിയാവുകയുള്ളു.

വേദം, തന്ത്രം, ഗണിതം, സ്മാര്‍ത്തക്രിയകള്‍ തുടങ്ങിയ ഭാരതീയ വിദ്യകള്‍ കേരളത്തില്‍ ആദ്യമായി പ്രചരിപ്പിച്ച പണ്ഡിത ശ്രേഷ്ഠര്‍ പെരിങ്ങോട് നമ്പൂതിരി എന്നപേരില്‍ അറിയപ്പെട്ട പെരിങ്ങോട് ശങ്കരന്‍ നമ്പൂതിരി,

കാവ്യനാടകലങ്കാര പ്രമുഖനായ പുതുശ്ശേരി വിഷ്ണു നമ്പൂതിരി, ശതാധികം സപ്താഹ യജ്ഞങ്ങളില്‍ ആചാരത്വം വഹിച്ച് കണ്ണന്റെ കേളീവിലാസങ്ങള്‍ വാഴ്ത്തിയ വി.കെ.ഗോവിന്ദന്‍ നമ്പൂതിരി,

ആയുര്‍വേദത്തില്‍ വിദഗ്ധനായ എടക്കാട് നാരായണന്‍ നമ്പൂതിരി, ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ശിഷ്യനും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ പിതാവുമായ കണ്ണാടി ഭാഗവതരെന്നറിയപ്പെടുന്ന കണ്ണാടി കേശവന്‍ നമ്പൂതിരി,

ചിത്രകാരനായ വാളക്കോട് നരസിംഹന്‍ നമ്പൂതിരി, ദേശമിത പഞ്ചാംഗ കര്‍ത്താവും ശില്‍പ ശാസ്ത്രജ്ഞനുമായ കാനപ്രം നാരായണന്‍ നമ്പൂതിരി, കണ്ണാടി ഗോവിന്ദന്‍ നമ്പൂതിരി,

ഭാഗ വതാചാര്യന്‍ കൊമ്പന്‍കുളം ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ഈ നാട്ടിലെ പാരമ്പര്യത്തിന് പ്രത്യേകം സംഭാവനകള്‍ നല്‍കിയവരാണ്.

ഇ.സി. ദാമോദരന്‍ നമ്പൂതിരി, തെക്കെ കോറമംഗലത്തില്ലത്ത് നാരായണന്‍ നമ്പൂതിരി, ടി.പി ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ ഈ ഗ്രാമത്തിന്റെ സംസ്‌കൃതയശ്ശസ് വാനോളം ഉയര്‍ത്തിയവരാണ്.

ഇവരൊക്കെയും ഉയര്‍ത്തി പിടിച്ച ഒരു സംസ്‌കാരവും മൂല്യബോധവുമാണ് ഈ നാടിന്റെ
ചൈതന്യം.

ഇപ്പോഴും വേദപഠനം നടക്കുന്ന ഈ ഗ്രാമത്തില്‍ കടുത്ത യാഥാസ്ഥിതികരാവാതെ ഈ പ്രദേശത്തുകാരെ വേറിട്ട വഴികളിലൂടെ നയിച്ചത് വര്‍ഷങ്ങള്‍ പഴക്കമുള്ള കൈതപ്രം പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയമാണ്.

കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും നന്നായി പ്രവ ര്‍ത്തിക്കുന്ന വായനശാലകളില്‍ ഒന്നാണ് ഈ ഗ്രന്ഥാലയം. ഈ ഗ്രന്ഥാലയത്തില്‍ കാല്‍ലക്ഷത്തിനടുത്ത് പുസ്തകങ്ങളുണ്ട്.

പഴയകാലത്തെ ആനുകാലികങ്ങള്‍ ഇപ്പോഴും ഇവിടെ നിധിപോലെ സൂക്ഷിക്കുന്നുണ്ട്. അംഗന്‍വാടിയും മറ്റ് ജനസേവനകേന്ദ്രങ്ങളും വായനശാലയോ നുബന്ധിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

പക്ഷെ ഇതൊന്നും പുറംലോകം അത്രയൊന്നും അറിയാറില്ല. കാരണം പ്രചാരണമല്ല, പ്രവര്‍ത്തനത്തിലാണ് കാര്യമെന്ന് വിശ്വസിക്കുന്നവാണ് ഇതിന്റെ പ്രവര്‍ത്തകര്‍.

എന്തുതന്നെയായാലും പഴമക്കും പുതുമക്കും അറിവേകിയ ഈ ഗ്രന്ഥാലയം കൈതപ്രം ഗ്രാമത്തിന്റെ വസന്തമാണ്.

കൈതപ്രത്തിന്റെ പുസ്തക വസന്തമായ ഈ വായനശാലയില്‍ നിന്നിറങ്ങി നമുക്കിനി കൈതപ്രം ഗ്രാമത്തിലേക്ക് പോകാം.

നാലുകെട്ടുകളും എട്ടുകെട്ടുകളും നിറഞ്ഞ ഈ ഗ്രാമത്തിന്റെ കുളിരറിയാം.

അതിപുരാതന ശില്‍പ ചാരുതയാര്‍ന്ന നാലുകെട്ടുകളെയും നടുമുറ്റങ്ങളേയും കുറിച്ചറിയാം. (നാളെ–നാലുകെട്ടുകള്‍ക്കായി ഒരു ഗ്രാമം)