പി.കെ.സുബൈര്‍ മിസ്റ്റര്‍ ക്ലീന്‍-ആരോപണങ്ങളെല്ലാം പുകമഞ്ഞ്-വഖഫ് ബോര്‍ഡിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നു.
തളിപ്പറമ്പ്: മുസ്ലിംലീഗ് നേതാവ് പി.കെ.സുബൈറിന് വഖഫ്‌ബോര്‍ഡിന്റെ ക്ലീന്‍ചീട്ട്.

സീതിസാഹിബ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ എട്ടു വര്‍ഷം നാലുകോടി 81 ലക്ഷം രൂപയുടെക്രമക്കേട് നടന്നിട്ടുണ്ടെന്നും അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇടതുപക്ഷ വഖഫ് സംരക്ഷണ
സമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേരള വഖഫ് ബോര്‍ഡ് കണ്ണൂര്‍ ഡിവിഷണല്‍ ഓഫീസ് നടത്തിയ അന്വേഷണത്തില്‍ യാതൊരു ക്രമക്കേടും കണ്ടെത്തുവാന്‍ സാധിച്ചില്ല.
അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതിന് ശേഷമാണ് ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി 4 കോടി 81 ലക്ഷം രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് സ്‌കൂളിനെയും സ്‌കൂള്‍ മാനേജര്‍ പി.കെ.സുബൈറിനെയും ഉന്നമിട്ട് വലിയ കാമ്പയിന്‍ തന്നെ സംഘടിപ്പിക്കപ്പെട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ പൊതുയോഗം സംഘടിപ്പിക്കുകയും സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ തന്നെ നേരിട്ട് വന്ന് ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ 2013 ഏപ്രില്‍ ഒന്നു മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള എട്ടു വര്‍ഷക്കാലയളവില്‍ യാതൊരു വിധ ക്രമക്കേടും കണ്ടെത്താന്‍ അന്വേഷണ വിഭാഗത്തിന് കഴിഞ്ഞില്ല.
സ്‌കൂളിലെ വരവ് ചിലവ് കണക്കുകള്‍ എല്ലാ വര്‍ഷവും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌കൂളിലെ കെട്ടിട നിര്‍മ്മാണത്തിലും ക്രമം വിട്ട് ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നല്‍കപ്പെട്ട പത്രപ്പരസ്യം, പ്ലാന്‍, എസ്റ്റിമേറ്റ്, ക്വട്ടേഷന്‍ എന്നിവ റിപ്പോര്‍ട്ടിനോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
സ്‌കൂളിലെ എല്ലാ രേഖകളും സൂക്ഷിക്കേണ്ടത് മാനേജര്‍ അല്ലെന്നും വിദ്യാഭ്യാസ കമ്മിറ്റിയുടെ കണ്‍വീനറുടെ ഉത്തരവാദിത്വമാണെന്നും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
ഇതോടെ പി.കെ.സൂബൈറിനെ ലക്ഷ്യമിട്ട് പ്രചരിപ്പിച്ച ആരോപണങ്ങളെല്ലാം പുകമഞ്ഞായി മാറിയിരിക്കയാണ്.
