പ്രകൃതിയെ അറിഞ്ഞ് ജീവിക്കാന്‍ വാതില്‍പ്പുറപ്പാട് ചടങ്ങ് (ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര-ഭാഗം-അഞ്ച്)

             പ്രകൃതിയെ അറിഞ്ഞ് ജീവിക്കാന്‍ പഠിപ്പിക്കുന്ന നമ്പൂതിരി കുടുംബങ്ങളില്‍ നടക്കുന്നതാണ് വാതില്‍പുറപ്പാട് ചടങ്ങ്.

ഈ ചടങ്ങ് ഇപ്പോഴും കൈതപ്രം ഗ്രാമത്തില്‍ മുറതെറ്റാതെ നടക്കുന്നു.

പ്രകൃതി തന്റെ ജീവിതത്തിന്റെ ഭാഗമാമെന്ന് തിരിച്ചറിയാനാണ് വാതില്‍പുറപ്പാട് ചടങ്ങ് നടത്തുന്നത്.

നമ്പൂതിരി കുടുംബങ്ങളില്‍ കുഞ്ഞ് ജനിച്ച് ആദ്യമായി വാതിലിന് പുറത്ത് പ്രകൃതിയെ പരിചയപ്പെടാന്‍ കൊണ്ടുപോകുന്നചടങ്ങാണ്ത്.

ഒരുമരം തൊട്ട് നമസ്‌ക്കരിച്ചുവേണം കുഞ്ഞിന്റെ ജീവിതം തുടങ്ങാന്‍ എന്നതാണ് വിശ്വാസം.

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് കുഞ്ഞും പിതാവും മാതാവും പ്രധാന തന്ത്രിയും വീടിനകത്ത് പ്രത്യേകം പൂജ നടത്തിയ ശേഷം കുട്ടിയേയുമെടുത്ത് പുറത്തേക്കിറങ്ങും.

വീടിനടുത്തുള്ള പ്ലാവ് മരച്ചുവട്ടില്‍ ഭദ്രദീപം തെളിയിച്ച് എള്ള്, കറുക, തുളസി, തീര്‍ത്ഥം എന്നിവകൊണ്ട് പ്ലാവിനെ കുളിപ്പിച്ച് ഉണങ്ങലരിച്ചോറ് നിവേദിച്ച് പ്ലാവിന് കുഞ്ഞിനെകൊണ്ട് ഒറ്റനൂല്‍ കെട്ടിക്കുന്നു.

തുടര്‍ന്ന് കുഞ്ഞിനെ പ്ലാവിന് തൊട്ട് വന്ദിപ്പിച്ച് കെട്ടിപ്പിടിപ്പിക്കുന്നു.

അതിനുശേഷം പ്ലാവിലകള്‍ ക്കിടയിലൂടെ ഉദിച്ചു വരുന്ന സൂര്യനെ നമസ്‌കരിക്കുന്നതോടെ ചടങ്ങ് അവസാനിക്കുന്നു.

പലവിധ കാരണങ്ങളാല്‍ പല നമ്പൂതിരി കുടുംബങ്ങളില്‍ നിന്ന് ഈ ചടങ്ങ് അന്യംനിന്നുപോയെങ്കിലും കൈതപ്രത്തെ നമ്പൂതിരി കുടുംബങ്ങളില്‍ മുറതെറ്റാതെ ഇന്നും ഈ ചടങ്ങ് നടന്നുവരുന്നു.

തൃക്കുറ്റ്യേരി കുന്നിനും, ചെമ്മണ്‍ കുന്നിനും വണ്ണാത്തി പുഴയ്ക്കും കണ്ണാടി പുഴയ്ക്കും ഇടയിലുള്ള കൈതപ്രം ഗ്രാമത്തിന് എങ്ങിനെയാണ് പ്രകൃതിയെ മറക്കാനാവുക.

പ്രകൃതിയെ അറിഞ്ഞുള്ള ഈ ചടങ്ങ് അവരെങ്ങിനെ ഒഴിവാക്കും. നമ്പൂതിരിമാര്‍ നിര്‍വ്വഹിക്കേണ്ട ഷോഡശകര്‍മ്മങ്ങളില്‍ ഒന്നായ വാതില്‍പുറ ചടങ്ങിനും അര്‍ഹിക്കുന്ന പ്രാധാന്യം ഇവിടെയുള്ള നമ്പൂതിരി കുടുംബങ്ങള്‍ നല്‍കുന്നുണ്ട്.

പ്രകൃതിയെ അറിഞ്ഞ്, പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഈ ഗ്രാമത്തിലേക്ക് ഒരിക്കല്‍ കടന്നുചെല്ലുന്ന ആരെയും മനസ് വീണ്ടും അങ്ങോട്ടേക്ക് തിരിച്ചുവിളിക്കുമെന്ന കാര്യം തീര്‍ച്ചയാണ്.

കൈതപ്രം എന്ന ഗ്രാമത്തെ പുറംലോകം കൂടുതലായി അറിഞ്ഞത് കൈതപ്രം എന്ന ജന്‍മനാടിന്റെ പേര് ഒരു നെറ്റിപ്പട്ടംപോലെ പേരിന് മുന്നില്‍ അലങ്കാരമായി കൊണ്ടുനടന്ന കൈതപ്രം ദാമോദരന്‍ നമ്പൂതിരിയിലൂടെയും

സഹോദരന്‍മാരായ യോഗാചാര്യന്‍ വാസുദേവന്‍ നമ്പൂതിരിയിലൂടെയും പരേതനായ സംഗീതസംവിധായകന്‍ വിശ്വനാഥനിലൂടെയും ആണെങ്കിലും

ലോകമറിഞ്ഞ മറ്റുചില പ്രഗല്‍ഭരും ഇവിടെയുണ്ടായിരുന്നു. (അവരേക്കുറിച്ച് നാളെ–കൈതപ്രത്തെ ലോകത്തെ അറിയിച്ച പ്രഗല്‍ഭന്‍മാര്‍)