കോടികള്‍ വിലമതിക്കുന്ന രത്‌നക്കല്ല് തട്ടിയെടുത്ത രണ്ടുപേര്‍ അറസ്റ്റിലായി
തളിപ്പറമ്പ്: കോടികള്‍ വിലമതിക്കുന്ന രത്‌നക്കല്ല് തട്ടിയെടുത്ത കേസില്‍ രണ്ടംഗസംഘത്തെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.

ചെറുകുന്ന് സ്വദേശികളായ തെക്കുമ്പാട്ടെ എം.കലേഷ്(36), ആയിരം തെങ്ങിലെ പി.പി.രാഹുല്‍(30) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്.
2023 ജനുവരി 7 നാണ് സംഭവം നടന്നത്. പാലകുളങ്ങര തുമ്പിയോടന്‍ വീട്ടില്‍ കൃഷ്ണന്‍(72)എന്നയാളുടെ രണ്ട് കിലോഗ്രാം തൂക്കംവരുന്ന അക്വാ മറൈന്‍ എന്ന പേരിലുള്ള രത്‌നക്കല്ലും അതിന്റെ ജിയോളജിക്കല്‍ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന ബാഗാണ് ഇവരുടെ നേതൃത്വത്തില്‍ തട്ടിയെടുത്തത്.
45 വര്‍ഷമായി കൃഷ്ണന്‍ കൈവശം വെച്ചുവരുന്ന ഈ രത്‌നക്കല്ല് വാങ്ങാനായി മാസങ്ങളായി ബിജു എന്ന പേരില്‍ ബന്ധപ്പെട്ടുവരുന്ന കലേഷ് പറഞ്ഞതു പ്രകാരം ജനുവരി 7 ന് രാവിലെ 11.10 ന് രത്‌നക്കല്ലടങ്ങിയ ബാഗുമായി തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിക്ക് പുറകിലുള്ള പാര്‍ക്കിങ്ങ് സ്ഥലത്തിന് സമീപം എത്തിയതായിരുന്നു കൃഷ്ണന്‍.
ഈ സമയത്ത് അവിടെ ബൈക്കിലെത്തിയ പ്രതികള്‍ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞതായാണ് പരാതിയുണ്ടായിരുന്നത്.
നേരത്തെ ഒരു ജ്വല്ലറിയുടമ ഒരുകോടി രൂപ വിലവരുന്ന രത്‌നക്കല്ല് കൂടിയ വിലക്ക് താന്‍ വില്‍പ്പന നടത്തിത്തരാമെന്ന് ബിജു എന്ന പേരില്‍ ബന്ധപ്പെട്ട കലേഷ് ഉറപ്പുനല്‍കിയത് പ്രകാരമാണ് കൃഷ്ണന്‍ രത്‌നവുമായി പ്രതികള്‍ പറഞ്ഞ സ്ഥലത്ത് എത്തിയത്.
സംസാരത്തിനിടെ രത്‌നകല്ലും ജിയോളജിക്കല്‍ സര്‍ട്ടിഫിക്കറ്റും അടങ്ങിയ ബാഗുമായി ഇവര്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍, എസ്.ഐ ദിനേശന്‍ കൊതേരി, എസ്.ഐ കെ.വി.സതീശന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച്ച രാത്രി പ്രതികള്‍ പിടിയിലായത്.
ഇവരോടൊപ്പം ബൈക്കോടിച്ച ഒരാളെക്കൂടി പിടികിട്ടാനുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രതികള്‍ സഞ്ചരിച്ച വാഹനവും കണ്ടെടുക്കാനുണ്ട്.
രത്‌നക്കല്ല് പ്രതികള്‍ ആര്‍ക്ക് കൈമാറി എന്നത് സംബന്ധിച്ച വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടില്ലെന്നും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
