ഹനീഫ്ക്ക THE GREAT–ഇദ്ദേഹം ഒരു വ്യക്തിയല്ല; പൗരധര്‍മ്മത്തിന്റെ പ്രസ്ഥാനം-
കരിമ്പം.കെ.പി.രാജീവന്‍
തളിപ്പറമ്പ്: സ്വന്തം വീട്ടുവളപ്പിലെ മാലിന്യം പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ വെട്ടിത്തിളങ്ങി വേറിട്ടുനില്‍ക്കുകയാണ് നാട്ടുകാരുടെ ഹനീഫ്ക്ക എന്ന കെ.പി.മുഹമ്മദ് ഹനീഫ.
കഴിഞ്ഞ 12 വര്‍ഷമായി സ്വന്തം വീടിന് മുന്നിലെ പൊതുറോഡും പരിസരവും അടിച്ചുവാരി വൃത്തിയാക്കി സൂക്ഷിക്കുക എന്നത് ജീവിതവ്രതമായി മാറ്റിയിരിക്കയാണ് ഈ 63 കാരന്‍.
ബദരിയ്യാനഗര്‍ അനിസ് വില്ലയിലെ താമസക്കാരനായ ഇദ്ദേഹം നമ്മള്‍ റസിഡന്‍സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കൂടിയാണ്.
പുതിയ വീടുവെച്ച് ഇവിടെ താമസം തുടങ്ങിയതുമുതല്‍ എല്ലാ ദിവസവും രാവിലെ അരമണിക്കൂര്‍ സമയം ഈ ശുചീകരണ പ്രവര്‍ത്തികള്‍ക്കായി മാറ്റിവെച്ചിരിക്കയാണ് ഹനീഫ്ക്ക.
മനോഹരമായ ഈ ഭൂമിയില്‍ നമ്മെ ജീവിക്കാന്‍ അനുവദിച്ച ഈശ്വരന് എന്തെങ്കിലുമൊക്കെ നാം തിരിച്ചു നല്‍കേണ്ടതില്ലേ എന്ന ചോദ്യത്തില്‍ നിന്നാണ് അവനവന്‍ ജീവിക്കുന്ന പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
റോഡരികിലെ മാവില്‍ നിന്ന് വീഴുന്ന ഇലകളും പക്ഷികള്‍ കൊത്തിയിട്ട മാങ്ങകളും എടുത്ത് മറ്റുള്ളവര്‍ക്ക് ദോഷകരമല്ലാത്ത വിധത്തിലാണ് കത്തിച്ച് നശിപ്പിക്കുന്നത്.
വളരെ ചെറുപ്പത്തില്‍ തന്നെ പരിസരശുചീകരണത്തില്‍ തോന്നിയ താല്‍പര്യമാണ് ഈ 63-ാം വയസിലും തുടരുന്നതെന്നും ഹനീഫ്ക്ക പറയുന്നു.
ഹര്‍ത്താലിലും മറ്റ് പൊതു അവധി ദിവസങ്ങളിലും നമ്മള്‍ റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങളെല്ലാം തന്നെ ശുചീകരണത്തിനിറങ്ങാറുണ്ട്.
റോഡരികില്‍ താമസിക്കുന്ന എല്ലാ വീട്ടുകാരും അവനവന്റെ വീടിന്റെ മുന്നിലുള്ള റോഡ് വൃത്തിയാക്കിയാല്‍ തന്നെ പരിസര ശുചിത്വം ഉറപ്പുവരുത്താന്‍ സാധിക്കുമെന്ന വിശ്വാസക്കാരനാണിദ്ദേഹം.
ശരീരം അനുവദിക്കുന്ന കാലത്തോളം ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സീതീസാഹിബ് ഹൈസ്‌കൂളിന് സമീപം ടോയ്‌വേള്‍ഡ് എന്ന സ്ഥാപനം നടത്തുകയാണ് മുഹമ്മദ് ഹനീഫ.
