സ്വകാര്യ ആശുപത്രിയില്‍ പോയി ശസ്ത്രക്രിയ-രോഗി മരിച്ചു, ഗവ.മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍-

 

തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍.

മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗം അസി. പ്രൊഫസറായ ഡോക്ടര്‍ ജയന്‍ സ്റ്റീഫനെയാണ് സസ്‌പെന്റ് ചെയ്തത്. ഡോ.ജയന്‍ സറ്റീഫന്‍ സ്വകാര്യ ആശുപത്രിയില്‍ ഓപ്പറേഷന്‍ നടത്തിയ രോഗി മരിച്ചെന്ന പരാതിയിലാണ് നടപടി.

അടൂര്‍ വില്ലേജ് ഓഫീസര്‍ കലാ ജയകുമാറാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തുകയും, രോഗി മരിക്കുകയും ചെയ്ത സംഭവം ആരോഗ്യ വകുപ്പിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തി എന്ന് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തി.

പരാതി ഗൗരവമുള്ളതും സര്‍ക്കാര്‍ ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും വ്യക്തമായി ലംഘിച്ചതുമാണെന്നും ഉത്തരവില്‍ പറയുന്നു.

ഡോക്ടറുടെ ഭാഗത്ത് ഗുരുതര പിഴവാണുണ്ടായതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ സ്വകാര്യ പ്രാക്ടീസ് നടത്താന്‍ അനുവാദമില്ലാതിരിക്കെയാണ് സ്വകാര്യ ആശുപത്രിയില്‍ പോയി ചികിത്സ നടത്തിയതെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കല ജയകുമാറിന്റെ കുടുംബം നല്‍കിയ പരാതിയിലാണ് നടപടി. ചികിത്സ പിഴവാണ് മരണ കാരണമെന്നും ആരോഗ്യ സ്ഥിതി മോശമായത് ആശുപത്രി അധികൃതര്‍ മറച്ചു വെച്ചെന്നും കാണിച്ചു കുടുംബം ആരോഗ്യ മന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു.

അതേസമയം ചികില്‍സ പിഴവ് ഉണ്ടായിട്ടില്ല എന്നായിരുന്നു ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം.

അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു കല ജയകുമാറിന്റെ തൈറോയ്ഡിന് ഓപ്പറേഷന്‍ നടന്നത്. തുടര്‍ന്ന് ആരോഗ്യ സ്ഥിതി വഷളാവുകയും ഈ മാസം രണ്ടിന് മരണം സംഭവിക്കുകയുമായിരുന്നു.