ഓവുചാല്‍ നിര്‍മ്മിക്കാന്‍ കുഴിയെടുത്ത് രണ്ട് കുടുംബങ്ങളെ ബന്ദികളാക്കിയതായി പരാതി.

തളിപ്പറമ്പ്: ഓവുചാല്‍ നിര്‍മ്മിക്കാന്‍ കുഴിയെടുത്ത് രണ്ട് കുടുംബങ്ങളെ ബന്ദികളാക്കിയതായി പരാതി.

ഇ.ടി.സി-പൂമംഗലം റോഡില്‍ പഴയ വില്ലേജ് ഓഫീസിന് സമീപമാണ് സംഭവം.

ഇവിടെ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഓവുചാലിന് ഒന്നരയടിയോളം ആഴത്തില്‍ കുഴിയെടുത്ത് രണ്ട് വീട്ടുകാര്‍ക്ക് വീട്ടിലേക്ക് കടക്കാന്‍ സാധിക്കാത്ത വിധം ബുദ്ധിമുട്ട് ഉണ്ടാക്കിയതായി വീട്ടുടമകളായ സുരേഷും സത്യനും പറയുന്നു.

വാഹനങ്ങള്‍ പോലും വീട്ടിലേക്ക് കടത്താനോ ഇറക്കാനോ സാധിക്കാതെ റോഡരികിലും വീട്ടിലുമായി നിര്‍ത്തിയിടേണ്ടി വന്നതായി ഇവര്‍ പറയുന്നു.

കൂടാതെ കുടിവെള്ള പൈപ്പും പൊട്ടിച്ചതായി പരാതിയുണ്ട്.

വെള്ളം പുറത്തുനിന്ന് കൊണ്ടുവരാനായി പുറത്തിറങ്ങാന്‍ സാധിക്കാത്ത വിധത്തില്‍ തങ്ങളെ ബന്ദികളാക്കിയ അവസ്ഥയാണെന്നാണ് വീട്ടുകാര്‍ പറയുന്നത്.

യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് കുഴിയെടുത്തതെന്നും വീട്ടുകാര്‍ പറഞ്ഞു.