സംശയിക്കണ്ട-കുതിരവട്ടം തളിപ്പറമ്പിലേക്ക് മാറ്റി-വെള്ളത്തില്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന എഞ്ചീനീയറിംഗ് വിസ്മയം തളിപ്പറമ്പില്‍

തളിപ്പറമ്പ്: കുതിരവട്ടം ഓവുചാലില്‍ കോണ്‍ക്രീറ്റ് ചെയ്ത് വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാനുള്ള നഗരസഭാ അധികൃതരുടെ ശ്രമം വലിയ കുതിരവട്ടമായി മാറി.

കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസാണ് ഈ നിര്‍മ്മാണത്തിലെ ക്രമക്കേട് ജനസമക്ഷം എത്തിച്ചത്.

നവംബര്‍ ആറിന് പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടാണ് നഗരസഭയുടെ കണ്ണുതുറപ്പിച്ചത്. പക്ഷെ, പുനര്‍നിര്‍മ്മാണം നടന്നതോടെ നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ മോശമായി മാറി.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ സിമന്റും ജില്ലിയും കുഴച്ചിട്ട് ഇരുട്ട്
കൊണ്ട് ഓട്ടയടക്കുന്ന പണിയാണ് ഇന്നലെ നഗരസഭാ അധികാരികളുടെ ഒത്താശയോടെ കോണ്‍ട്രാക്ടര്‍ നടത്തിയത്.

ഒരു ഉത്തരവാദിത്വവും കാണിക്കാതെ നടത്തിയ പ്രവൃത്തി ഫലത്തില്‍ വെളുക്കാന്‍തേച്ചത് പാണ്ട് എന്ന നിലവാരത്തിലായി.

പത്ത് ലക്ഷം   രൂപ ചെലവ് ചെയ്ത് മൂന്നാഴ്ച്ചയോളം വാഹനഗാഗതം തടഞ്ഞ് റോഡ് മുറിച്ച് നടത്തിയ നിര്‍മ്മാണം, പക്ഷെ കൂടുതല്‍ ദോഷകരമായി മാറി.

നേരത്തെ ഇട്ട കോണ്‍ക്രീറ്റ് ഇളക്കി, കെട്ടിക്കിടക്കുന്ന വെള്ളം മുഴുവന്‍ നീക്കം ചെയ്ത് വാട്ടര്‍ലെവലില്‍ ശാസ്ത്രീയമായി പുനര്‍നിര്‍മ്മാണം നടത്തിയാല്‍ മാത്രമേ പ്രശ്‌നത്തിന് പരിഹാരം കാണാനാവൂ എന്നിരിക്കെ ഇന്നലെ നടത്തിയത് വെറും പ്രഹസനം മാത്രമായി.

എഞ്ചിനീയര്‍മാരും ഓവര്‍സിയര്‍മാരും മറ്റ് സാങ്കേതിക ജീവനക്കാരും പരിചയസമ്പന്നനെന്ന് പറയപ്പെടുന്ന കരാറുകാരനും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ഓവുചാല്‍ ജനങ്ങളുടെ നികുതിപ്പണം ഉദ്യോഗസ്ഥരും കരാറുകാരും നഗരസഭ ഭരണാധികാരികളും ചേര്‍ന്ന് ധൂര്‍ത്തടിച്ചതിന് ഏറ്റവും വലിയ ഉദാഹരണമായി.

കോടതി റോഡില്‍ നിന്നും ചിന്‍മയ റോഡിലേക്കുള്ള ഓവുചാലിലൂടെ വരുന്ന വെള്ളം സുഗമമായി ഒഴുകി പോകാനെന്ന പേരിലാണ് ചിന്‍മയ റോഡില്‍ നിന്നും പാലകുളങ്ങര ഭാഗത്തേക്കുള്ള റോഡിരികില്‍ പുതിയ ഓവുചാല്‍ നിര്‍മ്മിച്ചത്.

എന്നാല്‍ ഓര്‍ക്കാപ്പുറത്ത് മഴ പെയ്തതോടെയാണ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത പുറത്തായത്.

ഓവുചാലിന് മുകളില്‍ സ്ളാബ് പതിക്കാന്‍ വൈകിയതോടെയാണ് വെള്ളം കെട്ടിനില്‍ക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.

ഓവുചാലിനകത്ത് കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കോണ്‍ക്രീറ്റ് ചെയ്തതോടെ ഓവുചാലിന്റെ സംഭരണശേഷി കുറഞ്ഞതിനാല്‍ 10 ലക്ഷം ചെലവാക്കിയത് ഫലത്തില്‍വെറുതെ ആയിരിക്കയാണ്.

സിവില്‍ എഞ്ചീനീയറിംഗിന്റെ സാമാന്യ വിവരമുള്ള ഒരു ഉദ്യോഗസ്ഥനും ഇത്തരമൊരു തെമ്മാടിത്തം അനുവദിക്കുമെന്ന് തോന്നുന്നില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.