ഡ്രോണ്‍ സര്‍വ്വേക്ക് മുമ്പായി അതിരുകള്‍ അടയാളപ്പെടുത്തണം; പൊതുജനങ്ങളിലേക്കിറങ്ങി റീസര്‍വ്വേ വകുപ്പ്
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഡിജിറ്റല്‍ ഭൂസര്‍വ്വേയുടെ ഭാഗമായി ഡ്രോണ്‍ സര്‍വ്വേ ജനുവരി 27-ന് തുടങ്ങുന്നതിന് മുന്നോടിയായി പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി റീസര്‍വ്വേ വകുപ്പ് ജീവനക്കാര്‍.
ജനുവരി 27-ന് കണ്ണൂര്‍-1 വില്ലേജിലാണ് കണ്ണൂര്‍ താലൂക്കിലെ ഡ്രോണ്‍ സര്‍വ്വേക്ക് തുടക്കമാവുക.
ഇതിന് മുമ്പായി പെയിന്റ് പോലെ ആകാശ കാഴ്ചയില്‍ തിരിച്ചറിയാന്‍ പറ്റുന്ന വസ്തുക്കള്‍ ഉപയോഗിച്ച് സ്ഥല ഉടമകള്‍ അതിര്‍ത്തികള്‍ അടയാളപ്പെടുത്തേണ്ടതുണ്ട്.
ഡ്രോണ്‍ സര്‍വെ തുടങ്ങുന്നതിന്റെ മുന്നെ തന്നെ അതിര്‍ത്തികള്‍ അടയാളപ്പെടുത്തല്‍ സ്ഥല ഉടമകള്‍ തന്നെ പൂര്‍ത്തീകരിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കാനായി ഞായറാഴ്ചയിലും വനിതകള്‍ ഉള്‍പ്പെടെയുള്ള റീസര്‍വേ ജീവനക്കാര്‍ ഫീല്‍ഡിലായിരുന്നു.
സ്ഥല ഉടമകള്‍ അതിര്‍ത്തികള്‍ അടയാളപ്പെടുത്തി എന്ന് ഉറപ്പ് വരുത്തി ജനുവരി 20-ന് മുമ്പ് തന്നെ സര്‍വെ ഓഫ് ഇന്ത്യയെ അറിയിക്കേണ്ടതുണ്ട്.
കണ്ണൂര്‍-1 വില്ലേജ് പരിധിയിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും സര്‍വ്വെ സംബന്ധമായ ക്ലാസുകള്‍ നല്‍കി.
പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍, മത സ്ഥാപന മേധാവികള്‍ തുടങ്ങിയവരെ നേരിട്ട് കണ്ട് സഹായ സഹകരണങ്ങള്‍ സര്‍വ്വെ വകുപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
