ഡോ.ഡി.സുരേന്ദ്രനാഥും സംഘവും വീണ്ടും പരിയാരത്തേക്ക്-

പരിയാരം: ജനകീയാരോഗ്യപ്രവര്‍ത്തകനും പ്രക്ഷോഭസമിതി നേതാവുമായ ഡോ.ഡി.സുരേന്ദ്രനാഥ് വീണ്ടും പരിയാരത്തേക്ക്.

പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജിനോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് പ്രക്ഷോഭ സമിതിയുടെ ആഭിമുഖ്യത്തില്‍ വീണ്ടും പ്രക്ഷോഭം തുടങ്ങുന്നു.

പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ നടത്തിയ നീണ്ട സമരത്തെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

എന്നാല്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലല്ല കോളേജ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പല ഡിപ്പാര്‍ട്ടുമെന്റുകളും വല്ലപ്പോഴും പ്രവര്‍ത്തിക്കുന്ന അവസ്ഥയിലാണ്.

ശസ്ത്രക്രിയകള്‍ ഫലപ്രദമായി നടക്കുന്നില്ല. മികച്ച ചികിത്സാ സംവിധാനങ്ങളില്ല. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നതെന്ന് ഇതിന് നേതൃത്വം നല്‍കുന്ന ഡോ.ഡി.സുരേന്ദ്രനാഥ് പറഞ്ഞു.

പ്രക്ഷോഭത്തിന് മുന്നോടിയായി ജനകീയ അന്വേഷണ സമിതി ജനങ്ങളില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും ജീവനക്കാരില്‍ നിന്നും തെളിവെടുപ്പ് നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തും.

അതിന്റെ അടിസ്ഥാനത്തില്‍ ബഹുജന കണ്‍വെന്‍ഷന്‍ നടത്തി സമരം പ്രഖ്യാപിക്കാനും ഡോ.ഡി.സുരേന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിയാരം മെഡിക്കല്‍ കോളേജ് പ്രക്ഷോഭസമിതിയോഗം തീരുമാനിച്ചു.

കെ. സുനില്‍കുമാര്‍, പി.പി.മോഹനന്‍, കെ.പി.ചന്ദ്രാംഗദന്‍, കെ.ചന്ദ്രബാബു, എം.കെ.ജയരാജ്, മേരി എബ്രഹാം, രാഘവന്‍ കാവുമ്പായി, രാജീവന്‍ ചാലോട്, സി.മാധവന്‍ മാസ്റ്റര്‍,

ദേവദാസ് തളാപ്പ്, കെ.പി.രാമചന്ദ്രന്‍ വെള്ളൂര്‍, ഭാസ്‌കരന്‍ മോറാഴ, സൗമി ഇസബല്‍, പി.സതീശന്‍ എന്നിവര്‍ സംസാരിച്ചു. ടി.ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.