ഭ്രാന്തന്‍പരീക്ഷക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം-പരീക്ഷ മാറ്റിവെച്ച് മോട്ടോര്‍ വാഹന വകുപ്പ്.
തളിപ്പറമ്പ്: മോട്ടോര്‍ വാഹവകുപ്പിന്റെ ഭ്രാന്തന്‍ പരീക്ഷക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, പ്രതിഷേധക്കാരൊടൊപ്പം പരീക്ഷാര്‍ത്ഥികളും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും ചേര്‍ന്നതോടെ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പരീക്ഷ മാറ്റിവെച്ച് തടിയൂരി.
കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റിങ്ങ് ഗ്രൗണ്ടില്‍ പ്രാകൃതമായ കമ്പികുത്തി പരീക്ഷ നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നുവെങ്കിലും പരീക്ഷ നടത്തുമെന്ന നിലപാടിലായിരുന്നു മോട്ടോര്‍ വാഹനവകുപ്പ്.
നേരത്തെ നവംബര്‍ 10 മുതല്‍ നിശ്ചയിച്ച പരീക്ഷ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
രാവിലെ തന്നെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം രാഹുല്‍ ദാമോദരന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ടെസ്റ്റിംഗ് ഗ്രൗണ്ടിലെത്തിയിരുന്നു.
കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച കമ്പ്യൂട്ടറൈസ്ഡ് ഗ്രൗണ്ടില്‍ പ്രാചീനരീതിയിലുള്ള പരീക്ഷ അനുവദിക്കില്ലെന്നും കമ്പ്യൂട്ടറൈസ്ഡ് ഗ്രൗണ്ട് പ്രവര്‍ത്തനക്ഷമമാക്കണമെന്നും രാഹുല്‍ ദാമോദരന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ നിലത്ത് കുത്തിയിരുന്നു.
വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗ്രൗണ്ടില്‍ നിന്ന് നീക്കിയെങ്കിലും ടെസ്റ്റ് നിര്‍ത്തിവെക്കുകയാണെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. പ്രാകൃതരീതിയിലുള്ള ടെസ്റ്റ് തുടരുകയാണെങ്കില്‍ തടയുമെന്ന് യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍, ശ്രീജിത്ത് കൂവേരി, സി.കെ.സായൂജ്, പ്രജീഷ് കൊട്ടക്കാനം എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
ആറരകോടി ചെലവിട്ട് നിര്‍മ്മിച്ച കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ പ്രാചീന രീതി നടപ്പാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി സംഘടിപ്പിക്കുമെന്ന് മോട്ടോര്‍ ഡ്രൈവിംഗ്
ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷനും രംഗത്ത് വന്നിരുന്നു.
പ്രതിഷേധത്തിന്റെ ഭാഗമായി സംഘടനാ ഭാരവാഹികള്‍ ഇന്നലെ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എയെ നേരില്‍കണ്ട് നിവേദനം നല്‍കിയിരുന്നു.
വിജയന്‍ ഭാരതി, വി.പി.പൈലി, ജിമ്മി മാത്യു, ഇ.കെ.ബിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
അതേസമയം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ പഴയ രീതി വീണ്ടും ആരംഭിക്കുന്നതെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.