തീപിടുത്തത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടോ-പോലീസ് അന്വേഷണം തുടങ്ങി.

 

തളിപ്പറമ്പ്: പോലീസ് ഡംപിംഗ് യാര്‍ഡ് കത്തിയതോ അതോ കത്തിച്ചതോ? സംശയങ്ങള്‍ ബലപ്പെടുന്നു, പോലീസ് അന്വേഷണം തുടങ്ങി.

ഇന്നലെ സംസ്ഥാനത്തെ മുഴുവന്‍ ഞെട്ടിച്ച രീതിയില്‍ തളിപ്പറമ്പ്-ഇരിട്ടി റോഡിലെ വെള്ളാരംപാറയിലെ പോലീസ് ഡംപിംഗ്‌യാര്‍ഡിലുണ്ടായ ഭീകരമായ തീപിടുത്തത്തിന് പിറകില്‍ വലിയ ഗൂഡാലോചന ഉണ്ടായെന്നത് സംബന്ധിച്ച് പോലീസിന് നിര്‍ണായകമായ ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് സൂചന.

2017 ലാണ് സംസ്ഥാനപാതയോരത്ത് സര്‍ക്കാര്‍ മിച്ചഭൂമിയിലെ അരയേക്കറോളം സ്ഥലം ഡംപിംഗ്‌യാര്‍ഡായി മാറ്റിയത്.

തളിപ്പറമ്പ്, പരിയാരം, പയ്യന്നൂര്‍, മയ്യില്‍, വളപട്ടണം, പഴയങ്ങാടി പോലീസ് സ്‌റ്റേഷനുകളില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ പിടികൂടിയ വാഹനങ്ങളാണ് ആദ്യഘട്ടത്തില്‍ ഇവിടെ സൂക്ഷിച്ചതെങ്കില്‍ പിന്നീട് പോലീസ് പിടികൂടുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും ഇവിടെയാണ് സൂക്ഷിച്ചിരുന്നത്.

തീപിടുത്തം നടക്കുമ്പോഴും കഴിഞ്ഞ ദിവസം ഏഴാംമൈലില്‍ നിന്ന് പിടികൂടിയ രണ്ട് സ്വകാര്യ ബസുകള്‍ ഇവിടെ ഉണ്ടായിരുന്നു. ഇവ പെട്ടന്ന് മാറ്റിയതിനാല്‍ മാത്രമാണ് തീപിടുത്തത്തില്‍ നിന്ന് ഒഴിവാക്കാന്‍ കഴിഞ്ഞത്.

തീപിടുത്തത്തിന്റെ രീതി പരിശോധിച്ച പോലീസിന് ഇതിന് പിന്നില്‍ ഗൂഡാലോചന വെളിപ്പെട്ടതായാണ് വിവരം.

5 വര്‍ഷം മുമ്പ് ഡംപിംഗ് യാര്‍ഡ് ആരംഭിക്കുമ്പോഴുള്ള വെള്ളാരംപാറയല്ല, ഇപ്പോഴത്തെ വെള്ളാരംപാറ. റിയല്‍ എസ്റ്റേറ്റ് ലോബികളുടെ കയ്യില്‍ പ്രദേശം അപ്പാടെ മാറിക്കൊണ്ടിരിക്കയാണ്.

നേരത്തെ തന്നെ ഡംപിംഗ് യാര്‍ഡ് ഇവിടെ നിന്ന് മാറ്റണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടതായി പോലീസ് പറയുന്നു.

കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ നിരവധിതവണ ഇവിടെ ചെറുതുംവലുതുമായ തീപിടുത്തങ്ങള്‍ നടന്നിരുന്നു.

ഇതും പോലീസ് പരിശോധിക്കുന്നുണ്ട്.

കിഴക്കുഭാഗത്തുനിന്നാണ് തീ ഡംപിംഗ്‌യാര്‍ഡിലേക്ക് വന്നതെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും ഇത് വഴിതിരിച്ചുവിടാനുള്ള ശ്രമം ഇന്നലെ തന്നെ ആരംഭിച്ചതാണ് സംശയങ്ങളുണ്ടാവാന്‍ കാരണം

. ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്റെ നേതൃത്വത്തിലാണ് തീപിടുത്തത്തില്‍ അന്വേഷണം നടക്കുന്നത്.

തീപിടുത്തത്തിന് ശേഷം സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പോസ്റ്റ് ചെയ്ത കുറിപ്പുകളും പോലീസിന്റെ സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ്.