ഒടുവില്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി.രമേശന് കൊച്ചി സിറ്റിയിലേക്ക് സ്ഥലംമാറ്റമായി.

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി.രമേശനെ കൊച്ചി സിറ്റി ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റി.

എ. പ്രേംജിത്താണ് പുതിയ നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി.

ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റി നിയമിച്ചിരുന്നുവെങ്കിലും വി.രമേശനെ സ്ഥലംമാറ്റാത്തതുമായി ബന്ധപ്പെട്ട് പോലീസില്‍ മുറുമുറുപ്പ് ഉയര്‍ന്നിരുന്നു.

നീലേശ്വരം സ്വദേശിയായ ഇദ്ദേഹം നിലവില്‍ താമസിക്കുന്നത് ആന്തൂര്‍ നഗരസഭാ പ്രദേശത്താണ്.

നിലവിലുള്ള ചട്ടപ്രകാരം ഈ ഡിവൈ.എസ്.പിയെ കോഴിക്കോട്, വയനാട് ജില്ലകളിലെവിടേക്കെങ്കിലും സ്ഥലം മാറ്റേണ്ടതാണെങ്കിലും അത് നടക്കാത്തതാണ് പോലീസില്‍ മുറുമുറുപ്പിന് ഇടയാക്കിയത്.

നേരത്തെ തളിപ്പറമ്പ് ഡിവൈ.എസ്.പിയായിരുന്ന പി.ബാലകൃഷ്ണന്‍ നായരേയും എസ്.എച്ച്.ഒ കെ.പി.ഷൈനിനേയും സ്ഥലം മാറ്റിയത് കാസര്‍ഗോഡ് മണ്ഡലത്തിന്റെ ഭാഗമായ പട്ടുവം പഞ്ചായത്ത് തളിപ്പറമ്പ് പോലീസ് പരിധിയിലായതിനാല്‍ മാത്രമാണ്.

എന്നാല്‍ കണ്ണൂര്‍ റൂറല്‍ പരിധിയിലെ ഡിവൈ.എസ്.പി കാസര്‍ഗോഡ് ജില്ലക്കാരനായതിനാലും കണ്ണൂര്‍ പരിധിയില്‍ താമസക്കാരനായതിനാലും സ്ഥലംമാറ്റേണ്ടത് അനിവാര്യമായിരുന്നു.

ഇത് വൈകിയതാണ് പോലീസില്‍ വിവാദമായത്.

ഇന്ന് വൈകുന്നേരം 6.30 നാണ് ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.