ഏഴര ലക്ഷം കാടു വിഴുങ്ങി-പ്രാഥമിക കര്‍മ്മത്തിന് ജനം നെട്ടോട്ടത്തില്‍.
പരിയാരം: നിത്യേന മെഡിക്കല്‍കോളേജില്‍ എത്തുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനായി മെഡിക്കല്‍ കോളേജ് കെട്ടിടത്തിനകത്തേക്ക് കടന്നേപറ്റു.
കാരണം കാമ്പസില്‍ ഒരിടത്തുപോലും പൊതു ശുചിമുറികളില്ല. ഓട്ടോ-ടാക്‌സി-ആംബുലന്‍സ് ജീവനക്കാരുള്‍പ്പെടെ മൂത്രശങ്ക തീര്‍ക്കാന്‍ കുറ്റിക്കാടുകള്‍ തോടിപോകേണ്ട നിലയിലാണ് കാര്യങ്ങള്‍.
ഇതിന് പരിഹാരമെന്ന നിലക്കാണ് 20153-16 വര്‍ഷത്തിലെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴരലക്ഷം രൂപ ചെലവില്‍ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് മൂന്ന് ഇ-ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്.
എന്നാല്‍ സ്ഥാപിച്ചത് മുതല്‍ തന്നെ കേടായ ഇ-ടോയ്‌ലറ്റുകള്‍ ഇപ്പോള്‍ കാടു വിഴുങ്ങുകയാണ്.
ഉത്തരവാദപ്പെട്ടവര്‍ക്ക് പക്ഷെ, അനക്കമേയില്ല. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ചതല്ലാതെ 8 വര്‍ഷത്തിനിടയില്‍ നൂറ് രൂപപോലും ഇ-ടോയ്‌ലറ്റില്‍ നിന്ന് യൂസേഴ്സ് ഫീ ഇനത്തില്‍ പഞ്ചായത്തിന് ലഭിച്ചിട്ടുമില്ല.
മൂന്ന് ടോയ്‌ലറ്റുകളും അടുപ്പിച്ച് സ്ഥാപിക്കരുതെന്നും മെഡിക്കല്‍ കോളേജിന്റെ 3 ഭാഗത്തായി വെക്കണമെന്നും നാട്ടുകാര്‍ അന്നേതന്നെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആരും ചെവിക്കൊണ്ടില്ല.
മൂന്ന് ഇ-ടോയ്‌ലറ്റുകളും പ്രവര്‍ത്തിക്കാത്ത നിലയിലായതോടെയാണ് ഇവ കാടുമൂടി തുടങ്ങിയത്.
മെഡിക്കല്‍ കോളേജ് പരിസരത്ത് ടോയ്‌ലറ്റ് ഏറ്റവും അത്യാവശ്യമായ ദേശീയപാതക്കരികിലെ ബസ്റ്റോപ്പ് പരിസരത്തേക്ക് ഇതിലൊരെണ്ണം മാറ്റി സ്ഥാപിക്കണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
യാതൊരു ആവശ്യവുമില്ലാതെ പണം ധൂര്‍ത്തടിച്ചതിന്റെ ഉദാഹരണമാണ് മെഡിക്കല്‍ കോളേജ് പരിസരത്തെ ഇ ടോയ്‌ലറ്റുകളെന്നും പ്രവര്‍ത്തനക്ഷമമല്ലാത്ത ഇത് എടുത്തുമാറ്റി സാധാരണ കംഫര്‍ട്ട് സ്റ്റേഷനുകള്‍ ആരംഭിക്കണമെന്നും ജനകീയ ആരോഗ്യവേദി കണ്‍വിനര്‍ എസ്.ശിവസുബ്രഹ്‌മണ്യന്‍ ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.