പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനത്തിനായി ഇക്കോ ബ്രിക്കുകള്‍ നിര്‍മ്മിച്ച് മൂത്തേടത്ത് എന്‍ എസ് എസ്
തളിപ്പറമ്പ്: അതിജീവനം സപ്തദിന പകല്‍ ക്യാമ്പില്‍ വെച്ച് പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ ഇക്കോ ബ്രിക്കുകള്‍ നിര്‍മ്മിച്ചു തുടങ്ങി.
വീടുകളില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കഴുകി ഉണക്കി ചെറിയ കഷണങ്ങളാക്കി പ്ലാസ്റ്റിക്ക് കുപ്പികളില്‍ കുത്തി നിറച്ചാണ് ഇക്കോ ബ്രിക്കുകള്‍ നിര്‍മ്മിക്കുന്നത്.
ഒരു വളണ്ടിയര്‍ തന്റെ വീട്ടിലെ ഒരു മാസത്തെ പ്ലാസ്റ്റിക്ക് മാലിന്യമാണ് ഒരു കുപ്പിയില്‍ നിറക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.
ഒരു വളണ്ടിയര്‍ 5 എണ്ണം എന്ന നിലയില്‍ ആദ്യ ഘട്ടത്തില്‍ 50 വളണ്ടിയര്‍മാരെ ഉപയോഗിച്ച് ഇതിനകം 250 ഇക്കോ ബ്രിക്കുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു.
ഇതു വഴി 250 വീടുകളിലെ ഒരു മാസത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സാധിച്ചുവെന്ന് വളണ്ടിയര്‍മാര്‍ അവകാശപ്പെടുന്നു.
ശരിയായ രീതിയില്‍ നിറച്ച ഇക്കോ ബ്രിക്കുകള്‍ ബില്‍ഡിങ്ങ് ബ്ലോക്കുകളായി ഉപയോഗിച്ച് വിശ്രമ ബെഞ്ചുകള്‍ സ്ഥാപിക്കാനാണ് വളണ്ടിയര്‍മാര്‍ ലക്ഷ്യമിടുന്നത്.
സിമന്റ് കട്ടകള്‍ക്കും ഇഷ്ടികകള്‍ക്കും പകരമായി ഇക്കോ ബ്രിക്കുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.
ഇക്കോ ബ്രിക്കിന്റെ പ്രദര്‍ശനോദ്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠന്‍ നിര്‍വ്വഹിച്ചു.
ജീവകാരുണ്യ രംഗത്തും പാരിസ്ഥിതിക രംഗത്തും മൂത്തേടത്ത് എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ നടത്തിവരുന്ന ഇടപെടലുകള്‍ കാലം ആവശ്യപ്പെടുന്നതാണെന്നും ഇതുവഴി അവര്‍ യഥാര്‍ത്ഥ സാമൂഹ്യ പ്രവര്‍ത്തനം എന്താണെന്നു തെളിയിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പി.ടി.എ പ്രസിഡണ്ട് ടി.വി.വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി.വി.രസ്‌നമോള്‍ സ്വാഗതം പറഞ്ഞു.
നാഷണല്‍ സര്‍വ്വീസ് സ്‌കീം പി.എ.സി. മെമ്പര്‍ ഹരിദാസന്‍ നടുവിലത്ത്, ഹെഡ്മാസ്റ്റര്‍ എസ്.കെ.നളിനാക്ഷന്‍, എം.സ്മിന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വളണ്ടിയര്‍ എം.വി.അശ്വതി പ്രവര്‍ത്തന വിശദീകരണം നടത്തി. കെ.വി.ആര്യനന്ദ നന്ദി പറഞ്ഞു.
