എടാട്ട് വള്ളുവ കോളനിയുടെ സമഗ്ര വികസന പദ്ധതി ഉടന്‍ ആരംഭിക്കും- എം.വിജിന്‍ എം.എല്‍.എ
പിലാത്തറ: കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ എടാട്ട് വള്ളുവ കോളനിയുടെ സമഗ്ര വികസനത്തിന് കളമൊരുങ്ങുന്നു.

അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ നേരത്തെ സര്‍ക്കാര്‍ ഈ പദ്ധതിക്കായി അനുവദിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ എംഎല്‍എ ടിവി രാജേഷിന്റെ അധ്യക്ഷതയില്‍ മോണിറ്ററിംഗ് കമ്മിറ്റി രൂപികരിച്ചിരുന്നു.
ദേശീയപാതയില്‍ നിന്ന് ആരംഭിക്കുന്ന കോളനിയിലേക്കുള്ള പ്രധാന റോഡായ പെരുമ്പപാലം-വള്ളുവംകടവ് റോഡിന് ദേശീയ പാത വിഭാഗത്തിന്റെ സാങ്കേതിക അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രവൃത്തി അരംഭിക്കാന്‍ വൈകിയത്.
പദ്ധതിയുടെ ഭാഗമായി പെരുമ്പപാലം-വള്ളുവംകടവ് റോഡ് നവീകരിക്കുന്നതിന് 40.79 ലക്ഷം രൂപയുടെ പദ്ധതിക്ക് യോഗം അംഗീകാരം നല്‍കി. രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പ്രസ്തുത റോഡ് ഉയര്‍ത്തുകയും, 200 മീറ്റര്‍ നീളത്തില്‍ ടാറിംഗും 234 മീറ്റര്‍ നീളത്തില്‍ സംരക്ഷണഭിത്തിയും നിര്‍മ്മിക്കുന്നതോടൊപ്പം പൈപ്പ് കള്‍വര്‍ട്ടുകളും നിര്‍മ്മിക്കും.
അതോടൊപ്പം കോളനിയിലെ കമ്യൂണിറ്റി ഹാള്‍ നവീകരിക്കുന്നതിന് 9.20 ലക്ഷം രൂപയുടെ പദ്ധതിയും നടപ്പിലാക്കും.
പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്ന കോളനികളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുന്ന പദ്ധതി കണ്ണൂര്‍ നിര്‍മിതി കേന്ദ്രമാണ് ഏറ്റെടുത്തത്.
നിര്‍മിതി കേന്ദ്ര പ്രൊജക്ട് എഞ്ചിനിയര്‍ കെ.രാമചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. യോഗത്തില്‍ പയ്യന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ പി.ഹരീഷ് കുമാര്‍ സ്വാഗതം പറഞ്ഞു.
കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എ പ്രാര്‍ത്ഥന, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി റീന, പഞ്ചായത്ത് അംഗം കെ.ജിഷ ബേബി, ഇ.സന്ദീപ്, എം.പത്മനാഭന്‍, വി.ടി.അമ്പു, വിജയന്‍ അടക്കാടന്‍, വൈ.വി.സുഭാഷ്, പി ഇന്ദിര എന്നിവര്‍ സംസാരിച്ചു.
