കേരളം അടക്കം 89 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; ഏപ്രില്‍ നാലു വരെ പത്രിക നല്‍കാം

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. കേരളം ഉള്‍പ്പെടെ 13 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 89 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.

ഇന്നുമുതല്‍ ഏപ്രില്‍ നാലു വരെ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അഞ്ചാം തീയതി നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ 26 നാണ് വോട്ടെടുപ്പ്.

കേരളത്തില്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കു മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്.

ലോക്സഭ തെരഞ്ഞെടുപ്പ് ഏഴു ഘട്ടമായിട്ടാണ് നടത്തുന്നത്. കേരളത്തിലെ 20 സീറ്റുകളിലും ഏപ്രില്‍ 26 ന് ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളും രണ്ടാം ഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തും.