കലുങ്കിനും മതിലിനുമിടിയില്‍ ഒരു ജീവന്‍

തളിപ്പറമ്പ്: കലുങ്കിനും വീട്ടുമതിലിനും ഇടയില്‍ കുടുങ്ങിയ വയോധികനെ തളിപ്പറമ്പ് അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി.

കലുങ്കില്‍ ഇരിക്കുന്നതിനിടെ അബദ്ധത്തില്‍ മറിഞ്ഞ് വീണ് കലുങ്കിനും തൊട്ടുള്ള വീട്ടു മതിലിനും ഇടയില്‍ കുടുങ്ങി കിടന്ന ആളെയാണ് രക്ഷപ്പെടുത്തിയത്.

ഏഴാംമൈല്‍ കയ്യംതടം റോഡിലെ കൂവോട് പാലേരിപറമ്പില്‍ ഇന്നലെ രാത്രി പത്തോടെയാണ് സംഭവം നടന്നത്.

വീടിന് സമീപത്തെ കലുങ്കില്‍ ഇരുന്ന ചേരമ്പേത്ത് ഭാസ്‌കരന്‍ (70) എന്നയാളാണ് അപകടത്തില്‍ പെട്ടത്.

സാമാന്യം തടിയുള്ള ഭാസക്കരന്‍ മതിലിനും ഇടയില്‍ കുടുങ്ങികിടന്നതിനെ തുടര്‍ന്ന് രക്ഷപ്പെടുത്തി പുറത്തെടുക്കാന്‍ കഴിയാതെ വന്നതിനാല്‍ നാട്ടുകാര്‍ അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.

സേന സ്ഥലത്തെത്തി കലുങ്കിന്റെ ഭാഗങ്ങള്‍ പൊളിച്ചു നീക്കി ഇദ്ദേഹത്തെ രക്ഷപ്പെടുത്തി തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ എത്തിച്ചു.

അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റ നേതൃത്വത്തില്‍ സേനാംഗങ്ങളായ ടി.വി.പ്രകാശന്‍, കെ.ഉണ്ണികൃഷ്ണന്‍, ടി.വി.രജീഷ് കുമാര്‍, ശ്രീകാന്ത് പവിത്രന്‍,

കെ.ബിജു, സി.അഭിനേഷ്, കെ.വി.അനൂപ്, നന്ദഗോപാല്‍, പി.പുരുഷോത്തമന്‍, പി.കെ.സുഗതന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.