കിണറ്റില്‍ വീണ മൂന്ന് ആടുകളെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു-

തളിപ്പറമ്പ്: കിണറ്റിലകപ്പെട്ട മൂന്ന് ആടുകളെ അഗ്നിശമനസേന രക്ഷപ്പെടുത്തി.

ഇന്നലെ രാവിലെ ഒന്‍പതിന് പന്നിയൂരിലെ ഇടുകുഴിയിലാണ് ആദ്യത്തെ സംഭവം.

മിച്ചഭൂമിയായി മാറ്റിവെച്ച സ്ഥലത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ ജലീല്‍ എന്നയാളുടെ രണ്ട് ആടുകളെയാണ് 30 അടിയോളം ആഴമുള്ള കിണറ്റിലിറങ്ങിയാണ് രക്ഷപ്പെടുത്തിയത്.

രാവിലെ 11.40-നാണ് രണ്ടാമത്തെ സംഭവം. പുഷ്പഗിരി അണ്ടിക്കളത്തെ ബേബി അഗസ്റ്റിന്‍ മാട്ടയില്‍ എന്നയാളുടെ ആടിനെയാണ് ഇവിടെ രക്ഷപ്പെടുത്തിയത്.

ഈ ആട് തൊട്ടടുത്തെ ഷൈജുമാത്യുവിന്റെ വീട്ടിലെ കിണറ്റിലാണ് വീണത്. ഏതാണ്ട് 50 അടി ആഴമുള്ള കിണറ്റില്‍ ആറരയടിയോളം വെള്ളമുണ്ടായിരുന്നു.

രണ്ട് സംഭവങ്ങളിലും ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കിരണ്‍ ആണ് കിണറ്റിലിറങ്ങി ആടുകളെ കരയിലേക്ക് കയറ്റിയത്.

അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍, ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.