അഗ്‌നിവീരന്മാരെ പിന്തുണയ്ക്കുന്നതിനുള്ള വഴികള്‍ തേടുന്നതിനായി പൊതുമേഖലാ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി DFS യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി: സേവന കാലാവധി പൂര്‍ത്തിയാക്കുന്ന ‘അഗ്‌നിവീരന്മാരെ’ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മുഖേന പിന്തുണയ്ക്കുന്നതിനുള്ള വഴികള്‍ തേടുന്നതിനായി, ധനകാര്യ സേവന വകുപ്പ് സെക്രട്ടറി (DFS) പൊതുമേഖലാ ബാങ്കുകളുടെയും (PSBs) പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെയും (PSICs) ധനകാര്യ സ്ഥാപനങ്ങളുടെയും (FIs) മേധാവിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തി.

അഗ്‌നിപഥ് പദ്ധതിയുടെ സുപ്രധാന വശങ്ങളെക്കുറിച്ച് സൈനികകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി യോഗത്തില്‍ വിശദീകരിച്ചു.

‘അഗ്‌നിവീരന്മാരുടെ’ വിദ്യാഭ്യാസ യോഗ്യതകളും വൈദഗ്ധ്യവും അടിസ്ഥാനമാക്കി അനുയോജ്യമായ ആനുകൂല്യങ്ങള്‍ / ഇളവുകള്‍ മുതലായവയിലൂടെ ലഭ്യമാക്കാവുന്ന തൊഴിലവസരങ്ങള്‍ സംബന്ധിച്ച് വിശദമായ പരിശോധന PSBകളും PSIC-കളും FIകളും ചേര്‍ന്ന് നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.

നൈപുണ്യ നവീകരണം, വിദ്യാഭ്യാസം, ബിസിനസ് സംരംഭങ്ങള്‍ സ്ഥാപിക്കല്‍, സ്വയംതൊഴില്‍ എന്നിവയ്ക്ക് അനുഗുണമായ വായ്പാ സൗകര്യങ്ങള്‍ ഒരുക്കി ‘അഗ്‌നിവീരന്മാരെ’ പിന്തുണയ്ക്കുന്നതിനുള്ള സാധ്യതകള്‍ ആരായാനും ബാങ്കുകള്‍ തീരുമാനിച്ചു.

മുദ്ര, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ തുടങ്ങിയ നിലവിലുള്ള ഗവണ്മെന്റ് പദ്ധതികള്‍ മുഖേന ‘അഗ്‌നിവീരന്മാര്‍’ക്ക് അത്തരം പിന്തുണ നല്‍കുന്നതിനുള്ള സാദ്ധ്യതകള്‍ തേടും.