പൊന്നുരുക്കിപ്പാറയില്‍ പടക്കങ്ങളുടെ വിസ്മയലോകം-വിലവര്‍ദ്ധനയില്ലാത്തതിനാല്‍ ആവശ്യക്കാരേറെ-

 

കരിമ്പം.കെ.പി.രാജീവന്‍.

തളിപ്പറമ്പ്: പൊന്നുരുക്കിപ്പാറയില്‍ പടക്കങ്ങളുടെ വിസ്മയലോകമൊരുക്കി ലക്ഷ്മി ഫയര്‍വര്‍ക്‌സ്.

വിഷുവിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇവിടെ പടക്കവിപണി സജീവമാണ്.

താരതമ്യേന വിലക്കുറവും പുതിയ വൈവിധ്യമേറിയ പടക്കങ്ങളുടെ സ്റ്റോക്കും ഉള്ളത് കാരണം ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ വാഹനവുമായി പൊന്നുരുക്കിപ്പാറയില്‍ എത്തുന്നുണ്ട്.

പതിവുപോലെ ചൈനീസ് പടക്കങ്ങള്‍ക്കാണ് ഇത്തവണയും ആവശ്യക്കാര്‍ ഏറെ.

വിലയില്‍ കാര്യമായ വര്‍ദ്ധനവില്ലാത്തത് പടക്ക വിപണിയില്‍ മാത്രമാണെന്ന് ലക്ഷ്മി ഫയര്‍ വര്‍ക്‌സ് ഉടമ കൂവേരി സ്വദേശി സുനില്‍ പറയുന്നു.

കഴിഞ്ഞ 3 വര്‍ഷമായി പൊന്നുരുക്കിപ്പാറയില്‍ പടക്കവ്യാപാരം നടത്തിവരികയാണ് സുനില്‍.

മുന്‍ വര്‍ഷത്തേക്കാള്‍ വലിയ വര്‍ധനയില്ലെന്നത് കൂടാതെ വൈവിധ്യമാര്‍ന്ന പുതിയതരം പടക്കങ്ങള്‍ ഉണ്ടെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.

കുട്ടികള്‍ക്കായി, പൊള്ളലേല്‍ക്കാത്ത പ്രത്യേക പടക്കങ്ങളും ഇപ്പോള്‍ വിപണിയിലുണ്ട്.

പമ്പരം, പൂമ്പാറ്റ, അഷ്‌റഫി കോട്ടി, ബീം ബോം കിറ്റ് ക്യാറ്റ്, തരംഗ, സൂപ്പര്‍ ഷോട്ടുകള്‍, കളര്‍ കോട്ടി, ഡയനോസ് ബോംബ്, ത്രിവര്‍ണ പൂക്കുറ്റി, എക്‌സ്ട്രാ പവര്‍ ബിഡി പടക്കം,

ദില്‍കി പസന്ത് സള്‍ട്ടി ഷോട്ട്, സ്‌കൈ വാല, സ്‌കൈ ഷോട്ട് എന്നിവയാണു പുതുമയാര്‍ന്ന പടക്കങ്ങള്‍.ഇതിന് പുറമേ ഡ്രോണ്‍, ഹെലികോപ്ടര്‍ തുടങ്ങിയവയും ഇത്തവണയുണ്ട്.

തീ കൊടുത്താല്‍ ഉയര്‍ന്ന് കറങ്ങി പൊട്ടുന്ന പടക്കങ്ങളാണ് ഹെലികോപ്ടര്‍, ഡ്രോണ്‍, കുക്കുഡാന്‍സ്, പീക്കോക്ക് എന്നിവ. വലിയ ഉയരത്തില്‍ പോയി പൊട്ടുന്ന ‘സ്‌കൈ ഷോട്ട്’ നും ആവശ്യക്കാരേറെയാണ്.

ഓലപ്പടക്കങ്ങള്‍, മാലപ്പടക്കങ്ങള്‍, കമ്പത്തിരി, പൂത്തിരി, നിലച്ചക്രം, പൂക്കുറ്റി തുടങ്ങിയ ഇഷ്ട ഇനങ്ങള്‍ക്കാണു കൂടുതല്‍ ചെലവ്.

പ്രാദേശികമായ വെടിമരുന്ന് ഉല്‍പ്പാദക കേന്ദ്രങ്ങള്‍ പൂട്ടിയതോടെ പരമ്പരാഗത ഓലപ്പടക്കങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ തീരെ ഇല്ലെന്നു തന്നെ പറയാം.

ഇതിന് പരിഹാരമായി വലിയ ശബ്ദത്തില്‍ പൊട്ടുന്ന ബോംബുകള്‍ വിപണി കയ്യടക്കിക്കഴിഞ്ഞു.

ശബ്ദവ്യത്യാസമനുസരിച്ച് ഹൈഡ്രോ ബോംബ്, ക്ലാസിക്ക് ബോംബ്, ആറ്റം ബോംബ് എന്നീ പേരുകള്‍ കച്ചവടക്കാര്‍ തന്നെ ഇവയ്ക്ക് നല്‍കിയിട്ടുണ്ട്.

ആകാശ വിസ്മയം പോലുള്ള വളരെ ഉയരത്തില്‍ പോയി പൊട്ടുന്ന ചൈനീസ് ഇനങ്ങള്‍ക്കും ഏറെ ആവശ്യക്കാരുണ്ട്.

10 രൂപ മുതലുള്ള പൂക്കുറ്റികളും 200 രൂപ മുതലുള്ള മാലപ്പടക്കങ്ങളും 500, 1000, 1500, 2000 രൂപക്കുള്ള പടക്ക കിറ്റുകളും ഉണ്ട്. ശിവകാശിയില്‍ നിന്നാണ് ജില്ലയിലേക്ക് പടക്കങ്ങള്‍ എത്തുന്നത്.