എസ്.ഐയാണെന്ന് വിശ്വസിപ്പിച്ച് വ്യാപാരികളെ പറ്റിച്ചയാളെ വ്യാപാരി നേതാക്കള്‍ പിടികൂടി.

തളിപ്പറമ്പ്: എസ്.ഐയാണെന്ന് പരിചയപ്പെടുത്തി വ്യാപാരികളില്‍ നിന്നും പണം വാങ്ങി വിലസി നടന്ന തട്ടിപ്പുകാരനെ വ്യാപാരി നേതാക്കള്‍ തന്നെ പിടികൂടി പോലീസിലേല്‍പ്പിച്ചു.

ട്രാഫിക് എസ്.ഐയാണെന്നും കണ്‍ട്രോള്‍റൂം എസ്.ഐയാണെന്നും പറഞ്ഞ്  പയ്യന്നൂര്‍, ഏഴിലോട്, പിലാത്തറ എന്നിവിടങ്ങളിലെ വ്യാപാരികളില്‍ നിന്നും പണം വാങ്ങി മുങ്ങിനടന്ന വിരുതനെയാണ് തളിപ്പറമ്പില്‍ ഇന്ന് രാവിലെ വ്യാപാരി നേതാക്കളായ കെ.എസ്.റിയാസ്. വി.താജുദ്ദീന്‍, കെ.ഇബ്രാഹിംകുട്ടി എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.

രാവിലെ തളിപ്പമ്പിലെ ഒരു വ്യാപാരിയില്‍ നിന്നും സമാനമായ രീതിയില്‍ തട്ടിപ്പിന് ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്.

സമൂഹമാധ്യമങ്ങളില്‍ ഇയാളെക്കുറിച്ച് വാര്‍ത്തകള്‍ വന്നതിനാല്‍ പണം ചോദിച്ചെത്തിയ വ്യാപാരിയുടെ തന്ത്രപരമായ നീക്കത്തിലാണ് ഈയാള്‍ വലയിലായത്.

കഴിഞ്ഞ ദിവസം കരിമ്പത്തും ഇയാള്‍ ട്രാഫിക് എസ്.ഐയാണെന്ന് പരിചയപ്പെടുത്തി പണം തട്ടിയിരുന്നു.

മന്ന കള്ള്ഷാപ്പിന് സമീപം ചിപ്‌സ് വില്‍പ്പന നടത്തിയിരുന്ന ജയ്‌സണ്‍ എന്നയാളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

ഇയാളെ പയ്യന്നൂര്‍ പോലീസിന് കൈമാറി.

അപരിചിതര്‍ സഹായത്തിനു വന്നാല്‍ അന്വേഷണം നടത്തിമാത്രമേ സഹായം നല്‍കാവൂ എന്ന് വ്യാപാരിനേതാവ് കെ.എസ്.റിയാസ് വ്യാപാരികളെ ഓര്‍മ്മിപ്പിച്ചു.

ഉദാഹരണത്തിന് ഡിപ്പാര്‍ട്‌മെന്റ് പേര് പറഞ്ഞു വന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കുക, കത്തുകളുമായി മറ്റും വരികയാണെങ്കില്‍ നമ്പറില്‍ വിളിച്ചു വ്യക്തത വരുത്തി മാത്രം സഹായം നല്‍കുക.

വ്യാജന്മാര്‍ വിളയാടുമ്പോള്‍ അര്‍ഹത ഉള്ളവര്‍ക്ക് സഹായം എത്തുകയില്ല എന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.