തളിപ്പറമ്പ് നഗരസഭയുടെ ആധുനിക ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം നവംബര്‍ 10 ന്-അഭിമാനത്തോടെ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി-

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ പുതുതായി നിര്‍മ്മിച്ച ഫ്രണ്ട് ഓഫീസ് ഉല്‍ഘാടനത്തിന് ഒരുങ്ങുന്നു.

എല്ലാ സൗകര്യങ്ങളോടും കൂടി നിര്‍മ്മിച്ച മനോഹരമായ ഹൈടെക് ഓഫീസ് അടുത്ത മാസം 10 ന് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.

650 എം സ്‌ക്വയറില്‍ നിര്‍മ്മിച്ച ഓഫീസില്‍ എല്ലാ സേവനങ്ങള്‍ക്കും പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. കൗണ്‍സിലര്‍മാര്‍ക്കും ഇരിപ്പിടമുണ്ട്.

പൊതുജനങ്ങള്‍ക്ക് പെട്ടെന്ന് ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്ന രീതിയിലാണ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. 80 ലക്ഷം രൂപയാണ് നിര്‍മ്മാണചെലവ്.

കഴിഞ്ഞ ഭരണ സമിതി രണ്ടരവര്‍ഷം മുമ്പ് പദ്ധതി തയാറാക്കി നിര്‍മ്മാണത്തിന് ഒരുങ്ങിയിരുന്നു.

അതിന്റ ഭാഗമായി അന്നത്തെ ഭരണസമിതി ഓഫീസ് തല്‍ക്കാലത്തേക്ക് മൂന്നാം നിലയിലേക്ക് മാറ്റുകയും ചെയ്തു.

കഴിഞ്ഞ രണ്ടരവര്‍ഷമായി നഗരസഭാ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ഹെല്‍ത്ത- റവന്യൂ വിഭാഗങ്ങളും ഫ്രണ്ട് ഓഫീസും പ്രവര്‍ത്തിച്ചു വരുന്നത്.

നേരത്തെ ഉണ്ടായിരുന്ന ഓഫീസ് പൊളിച്ചു നീക്കിയും മാറ്റം വരുത്തിയും നിര്‍മ്മാണം ആരംഭിക്കാന്‍ ഒരുങ്ങിയെങ്കിലും പല നിയമതടസ്സങ്ങളില്‍പെട്ട് പണി പൂര്‍ണമായും നിലച്ചു.

അതേസമയം ആവശ്യങ്ങള്‍ നിറവേറ്റാന്‍ മൂന്നാം നിലയില്‍ കയറിയിറങ്ങുന്നത് ജനങ്ങള്‍ക്ക് പ്രത്യേകിച്ച് പ്രായമായവര്‍ക്കും രോഗികള്‍ക്കും വലിയ പ്രയാസങ്ങള്‍ സൃഷ്ടിച്ചു.

പുതിയ ഭരണസമിതി നിലവില്‍വന്നപ്പോള്‍ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായിയുടെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായിരുന്നു നിയമപരവും സാങ്കേതികവുമായ എല്ലാ തടസ്സങ്ങളും നീക്കി പണി പുനരാരംഭിക്കുകയെന്നത്.

അത് കൊണ്ട് തന്നെ ചാര്‍ജ് ഏറ്റെടുത്തത് മുതല്‍ തന്നെ മുര്‍ഷിദ തന്റെ കര്‍മ്മ പദ്ധതിയില്‍ ഒന്നാമതായി ഉള്‍പ്പെടുത്തി ലക്ഷ്യബോധത്തോടെ ഇതിന്റെ പിന്നാലെയായിരുന്നു.

നഗരസഭാ സെക്രട്ടറിയടക്കം പ്രധാന മേധാവികള്‍ ഇല്ലാഞ്ഞിട്ടും കോവിഡും ലോക്ഡൗണും കാരണമുള്ള ബുദ്ധിമുട്ടുകള്‍ക്കിടയിലും പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചത് മുര്‍ഷിദക്ക് വലിയ നേട്ടമായി.

ചെയര്‍പേഴ്‌സന്റെയും ഭരണ സമിതിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥ മേധാവികളുടെയും ജീവനക്കാരുടെയും കരാറുകാരുടെയും നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ എല്ലാ തടസ്സങ്ങളും നീങ്ങുകയായിരുന്നു.

പൊതുമേഖലാ സ്ഥാപനമായ കാഡ്‌കോയെയാണ് മനോഹരമായ ഫര്‍ണിച്ചറുകള്‍ ഒരുക്കിയിട്ടുളളത്.

ഹെല്‍ത്ത് -റവന്യൂ വകുപ്പുകള്‍ക്ക് പുറമേ ജനറല്‍ സെക്ഷനും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഫ്രന്റ് ഓഫീസ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.