പ്രേതസാന്നിധ്യം സത്യമോ മിഥ്യയോ–പഞ്ചവടിയിലെ കട്ടിലും മേശയും കഥപറയുന്നു.
തളിപ്പറമ്പ്: നൂറുവര്‍ഷത്തിന് മേല്‍ പഴക്കമുള്ള ഈ വീട്ടിലെ പ്രേതസാന്നിധ്യം സത്യമോ മിഥ്യയോ– തൃച്ചംബരത്തെ പഞ്ചവടി എന്ന പ്രദേശത്തിന് ആ പേരുവരാന്‍ കാരണമായ വീടാണിത്.

പ്രേതമുണ്ടെന്ന പ്രചാരണത്തിന് കാരണമായത് ഈ വീട്ടിലുള്ള കരിവീട്ടില്‍ പണിതീര്‍ത്ത ഒരു മേശയും കട്ടിലുമാണ് ദൂരദര്‍ശന്‍ അഡീഷണല്‍ ഡയരക്ടര്‍ ജനറലായി വിരമിച്ച കെ.കുഞ്ഞികൃഷ്ണന്റെ ഭാര്യയും പ്രമുഖ ചിത്രകാരിയുമായ രാഗിണി കൃഷ്ണന്റെ തറവാട് വീടാണിത്.
കഥ ഇങ്ങനെയാണ്—രാഗിണിയുടെ അപ്പൂപ്പന്റെ വളരെയടുത്ത ഒരു ബന്ധു, അദ്ദേഹം ഡോക്ടറായിരുന്നു. അന്തമാന്‍ദ്വീപില്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റെ കീഴിലായിരുന്നു അദ്ദേഹത്തിന് ജോലി. അദ്ദേഹത്തിന് വീടുവെക്കാനായി വയനാട്ടിലെ ഒരാദിവാസി ഊരില്‍ നിന്നും മരം വെട്ടാന്‍ തീരുമാനിക്കുന്നു. ആദിവാസികള്‍ പൂജചെയ്യുന്ന ഒരുമരമായിരുന്നു ഇത്ചില ദുഷ്ടശക്തികളെ ഈ മരത്തില്‍ കുടിയിരുത്തിയതിനാല്‍ വെട്ടരുതെന്നും അപകടമാണെന്നും ആദിവാസികള്‍ പറഞ്ഞത്രേ. ഡോക്ടര്‍ ഒട്ടും വിശ്വാസിയായിരുന്നില്ല. മരംവെട്ടാന്‍ ഭയന്ന് മാറിനിന്ന മരംവെട്ടുകാരനില്‍ നിന്ന് കോടാലി വാങ്ങി അദ്ദേഹം തന്നെ ആദ്യവെട്ടുവെട്ടി. മരം മുറിച്ചെടുത്തുവെങ്കിലും തുടര്‍ന്ന് അന്‍ഡമാനിലേക്ക് പോയ അദ്ദേഹം രോഗം ബാധിച്ച് മരിച്ചു. രണ്ടുമാസത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യയും മരണപ്പെട്ടു. നാലുമക്കളില്‍ ഇളയകുഞ്ഞ് അന്ന് കൈക്കുഞ്ഞായിരുന്നു, അഞ്ചാറുമാസത്തിന് ശേഷം ആ കുട്ടിയും മരിച്ചു. വെട്ടിയെടുത്ത ഈട്ടിമരം ബന്ധുക്കള്‍ പലരും ഫര്‍ണിച്ചറുകളാക്കി മാറ്റി. എന്നാല്‍ അവിടങ്ങളിലെല്ലാം അരുതാത്തത് പലതും സംഭവിച്ചു. രാഗിണികൃഷ്ണന്റെ വക്കീലായിരുന്ന അപ്പൂപ്പനാണ് ഈ മരം ഉപയോഗിച്ച് മേശയും കട്ടിലും നിര്‍മ്മിച്ചത്. അദ്ദേഹത്തിന്റെ മകന്‍ ഒരു പണിക്കാരനോടൊത്ത് നീന്തല്‍പഠിക്കാന്‍ പോയെങ്കിലും രണ്ടുപേരും മരണപ്പെട്ടു. രാഗിണികൃഷ്ണന്റെ പിതാവ് നേവി ഉദ്യോഗസ്ഥനായിരുന്നു. മുംബൈയില്‍വെച്ച് അദ്ദേഹം ഒരു വാഹനാപകടത്തില്‍ മരിച്ചു. ഇതോടെയാണ് മറ്റുള്ളവര്‍ തളിപ്പറമ്പിലെ വീടായ പഞ്ചവടിയിലേക്ക് മടങ്ങിയത്. എട്ടേക്കര്‍സ്ഥലത്തിന് നടുവിലായിരുന്നു വിശാലമായ ഈ വീട്. പശ്ചാത്തലത്തില്‍ ഏഴിമലവരെ തെളിഞ്ഞുകാണാമായിരുന്നുവത്രേ. പക്ഷെ, ഇന്ന് വീട് 30 സെന്റില്‍ ഒതുങ്ങിയിരിക്കുന്നു. ഈ വീട്ടിലെ വിവാദ കട്ടിലില്‍ കിടക്കുന്നവര്‍ പിറ്റന്ന് ഉണരുന്നത് തറയിലായിരിക്കുമെന്നാണ് പ്രചാരമുണ്ടായിരുന്നത്. പലരും പൊടിപ്പും തൊങ്ങലുംവെച്ച് കഥകള്‍ മെനഞ്ഞതോടെ പഞ്ചവടി ഒരു പ്രേതവീടായി മാറുകയായിരുന്നു.
ഒരു പ്രമുഖ ദിനപത്രത്തിന്റെ ഓണപ്പതിപ്പിന് വേണ്ടി പ്രശസ്ത കഥാകൃത്ത് ജി.ആര്‍.ഇന്ദുഗോപന്‍ പ്രേതവീടുകളില്‍ താമസിച്ച് അനുഭവമെഴുതാനായി ഇവിടെ എത്തിയിരുന്നു.
കിടക്കാനെത്തുന്നവരെ എടുത്തെറിയുന്ന അപകടക്കട്ടിലില്‍ തന്നെയാണ് കിടന്നതെങ്കിലും ഒരു പ്രേതത്തേയും കാണാതെ സുഖമായുറങ്ങി രാവിലെ സ്ഥലംവിട്ടെന്ന് ഇന്ദുഗോപന്‍ തന്റെ പ്രേതവേട്ടക്കാരന്‍ എന്ന അനുഭവക്കുറിപ്പില്‍ പറയുന്നു.
ഇപ്പോഴും തിരുവനന്തപുരത്ത് താമസിക്കുന്ന രാഗിണിയും കുടുംബവും വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും തറവാട്ടുവീട്ടിലെത്തി കുറച്ചുദിവസം താമസിച്ച് മടങ്ങുക പതിവാണ്.
പഞ്ചവടി എന്ന വീട് ഇപ്പോള്‍ ഒരു പ്രദേശത്തിന്റെ തന്നെ പേരായി മാറിയിരിക്കയാണ്.
നിറം പിടിച്ച കഥകള്‍ക്ക് ഇപ്പോള്‍ ഏറെ മങ്ങലേറ്റിട്ടുണ്ടെങ്കിലും പഞ്ചവടി എന്ന പേര് കേള്‍ക്കുമ്പോള്‍ ഇപ്പോഴും പലരുടേയും മനസില്‍ നിറയുന്നത് പഴയ കഥകള്‍ തന്നെയാണ്.
എല്ലാം വെറും കഥകളായി കരുതുന്ന പുതിയ കാലത്തും കഥകള്‍ക്ക് മരണമില്ലെന്നത് തന്നെയാണ് പഞ്ചവടിയെ പഞ്ചവടിയായി നിലനിര്‍ത്തുന്നതെന്ന് പറയുന്നത് ഒരതിശയോക്തിയല്ല.
