സ്വര്‍ണ്ണപ്പണയം എടുക്കാനെത്തി 45,000 രൂപ തട്ടിയെടുത്ത യുവാവ് പോലീസിന്റെ പിടിയിലായി

പാലാ: പാലായിലെ അച്ചായന്‍സ് ഗോള്‍ഡ് ജൂവലറിയില്‍ ഫോണ്‍ വിളിച്ച് ധനകാര്യസ്ഥാപനത്തില്‍ പണയത്തില്‍ ഇരിക്കുന്ന 20 ഗ്രാം

സ്വര്‍ണ്ണം എടുത്തു നല്‍കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് 45,000 രൂപ തട്ടിയെടുത്ത കേസില്‍ തിടനാട് പൂവത്തിങ്കല്‍ നിബിന്‍

വില്‍സനെയാണ് (40) പാലാ സി.ഐ. കെ.പി.ടോംസണ്‍ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 26ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.

അന്നേദിവസം ഉച്ചയോടെ പാലായിലുള്ള ധനകാര്യസ്ഥാപനത്തില്‍ പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണം എടുക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നിബിന്‍ ജൂവലറി യിലേക്ക് ഫോണ്‍ ചെയ്തു.

ജൂവലറി ഉടമ സ്റ്റാഫിനെ ധനകാര്യ സ്ഥാപനത്തിലേക്ക് പറഞ്ഞയച്ചു. പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണം എടുക്കുന്നതിനായി സ്റ്റാഫ് 50,000 രൂപ നിബിനു നല്‍കി.

45,000 രൂപ മാത്രമേ സ്വര്‍ണ്ണം എടുക്കാന്‍ ആവശ്യം ഉള്ളൂ എന്നു പറഞ്ഞു വിശ്വസിപ്പിച്ച് നിബിന്‍ 5000 രൂപ മടക്കി നല്‍കി.

തുടര്‍ന്ന് നിബിന്‍ രണ്ടാം നിലയിലുള്ള ധനകാര്യ സ്ഥാപനത്തിലേക്ക് കയറിപ്പോയി. പിന്നീട് പ്രതി ധനകാര്യ സ്ഥാപനത്തിന്റെ പുറകുവശത്തുള്ള ഇടനാഴിയിലൂടെ പണവുമായി രക്ഷപ്പെടുകയായിരുന്നു.

കുറേ സമയത്തിന് ശേഷവും നിബിനെ കാണാതിരുന്ന ജൂവലറി സ്റ്റാഫ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ ഓഫ് ആയിരുന്നു.

ചതി തിരിച്ചറിഞ്ഞ ജ്വല്ലറി ഉടമ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി കേസെടുക്കുകയായിരുന്നു.

പണവുമായി മുങ്ങിയ പ്രതി ഗോവ, മംഗലാപുരം, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ കറങ്ങിയതിനു ശേഷം എറണാകുളത്തെത്തി ടൂറിസ്റ്റ് ഹോമില്‍ താമസിച്ചുവരികയായിരുന്നു.

എറണാകുളത്തു നിന്നും പ്രതിയെ പിടികൂടുന്ന സമയം പ്രതി സ്വര്‍ണപണയം എടുത്തുകൊടുക്കുന്ന നിരവധി ജൂലറികളുമായി സംസാരിച്ച് സമാന തട്ടിപ്പിന് ശ്രമിക്കുകയായിരുന്നു.

നിബിന്‍ ഗോവ മംഗലാപുരം ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നതായി സി.ഐ. കെ.പി. ടോംസണ്‍ പറഞ്ഞു.

ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരുന്നു.
പാലാ പ്രിന്‍സിപ്പല്‍ എസ് ഐ എം.ഡി.അഭിലാഷ്, എ എസ് ഐ

goldloan-ബിജു കെ.തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫന്‍, സിപിഒ സി.രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.