അതിഥി ദേവോ- ഫ ! കാറിത്തുപ്പേണ്ട കെട്ടിടം-ശുചിമുറിക്ക് വാതിലില്ല-തലയൊന്നിന് 1000-എന്താല്ലേ-
ചെങ്ങളായി: ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ എടക്കുളത്ത് അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്കെതിരെ നടപടി ആരംഭിച്ചു.
കെട്ടിടങ്ങള്‍ അനധികൃതമായി നിര്‍മ്മിക്കുക മാത്രമല്ല, വളരെ പരിമിതമായ സ്ഥലത്ത് ചില സ്ഥലം ഉടമകള്‍ ആവശ്യമായ കുടിവെള്ള സൗകര്യങ്ങളും ടോയ്‌ലറ്റ് സംവിധാനവും ഉറപ്പുവരുത്താതെ അതിഥി തൊഴിലാളികളെ കൂട്ടമായി താമസിപ്പിക്കുന്ന സാഹചര്യവുമുണ്ട്.
ചെറിയ മുറിയില്‍ പോലും പത്തോളം ആളുകളെ താമസിപ്പിച്ച് ആളൊന്നിന് 1000 രൂപവരെ മാസ വാടക ഈടാക്കി വരുന്നതായി നാട്ടുകാര്‍ പറയുന്നു.
ശുചി മുറികളും ആവശ്യമായ ശുചിത്വ സംവിധാനങ്ങളും ഏര്‍പ്പെടുത്താതെ ഇത്തരത്തില്‍ അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നത് പ്രദേശത്ത് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇടയാക്കും.
എടക്കുളത്തെ അനധികൃത നിര്‍മ്മാണ പ്രവൃത്തിയെ കുറിച്ച് പരാതി ലഭിച്ചപ്പോള്‍ ചെങ്ങളായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുകയായിരുന്നു.
ഓവര്‍സിയര്‍ തോമസ് വടകര, ക്ലാര്‍ക്ക് കെ.സിജിലേഷ് എന്നിവരും പരിശോധന ടീമിലുണ്ടായിരുന്നു.
അനധികൃതമായി കെട്ടിട നിര്‍മ്മാണം നടത്തി ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതിയൊന്നുമടക്കാതെ കെട്ടിടം വാടകയ്ക്ക് നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും.
നിര്‍മ്മിച്ച കെട്ടിടം അധികൃതമാക്കുകയോ പൊളിച്ചുകളയുകയോ ചെയ്യുന്നത് വരെ കേരള പഞ്ചായത്ത് രാജ് ആക്ടിലേയും അനുബന്ധ ചട്ടങ്ങളിലേയും വ്യവസ്ഥകള്‍ പ്രകാരം മൂന്നിരട്ടി വസ്തു നികുതി ചുമത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും
ശുചിത്വ സംബന്ധമായ വിഷയത്തില്‍ ആരോഗ്യ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നിയമനടപടി സ്വീകരിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പരിധിയിലെ അനധികൃത
കെട്ടിടനിര്‍മ്മാണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ വാര്‍ഡുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ് അറിയിച്ചു