സൂക്ഷിക്കുക-!ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിറകിലുണ്ട്–മാലിന്യകടത്തുകാരെ രാത്രിയിലും പിടിക്കും.

 

തളിപ്പറമ്പ്:മാലിന്യം തള്ളാന്‍ പോയ തട്ടുകടക്കാരനെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാത്രിയില്‍ പിന്തുടര്‍ന്ന് പിടികൂടി.

തളിപ്പറമ്പ് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.അബ്ദുള്‍സത്താറാണ് തട്ടുകടക്കാരനെ പിന്തുടര്‍ന്ന് പിടികൂടിയത്.

സംഭവം ഇങ്ങനെ–ദേശീയപാതയില്‍ ലൂര്‍ദ്ദ് ആശുപത്രിക്ക് സമീപമുള്ള തട്ടുകട. സമയം രാത്രി 9 മണി-വലിയ പ്ലാസ്റ്റിക്ക് പാക്കറ്റില്‍ മുട്ടത്തോട് ഉള്‍പ്പെടെ മാലിന്യങ്ങള്‍ കുത്തിനിറച്ച് വെക്കുന്നത് അതുവഴി വന്ന എച്ച്.ഐയുടെ ശ്രദ്ധയില്‍പെട്ടു. ഇത് എവിടെയോ കൊണ്ടു തള്ളാനാണെന്ന് മനസിലായ എച്ച്.ഐ പരിസരത്ത് തന്നെ ഒളിഞ്ഞുനിന്നു. രാത്രി പത്ത് കഴിഞ്ഞതോടെ കെ.എല്‍.59 പി.6545 സ്‌കൂട്ടറില്‍ തട്ടുകടക്കാരന്‍ മാലിന്യസഞ്ചിയുമായി പുറപ്പെട്ടു. എച്ച്.ഐ തന്റെ ഇരുചക്രവാഹനത്തില്‍ ഇയാളെ പിന്തുടര്‍ന്നു. കരിമ്പം പൂമംഗലം റോഡിലെ തോട്ടില്‍ മാലിന്യം നിക്ഷേപിച്ച് പൂമംഗലം ഭാഗത്തേക്ക് പോകുന്നതിനിടയില്‍ എച്ച്.ഐ മാലിന്യനിക്ഷേപകനെ പിടികൂടുന്നു. ശേഷം തിങ്കളാഴ്ച്ച നഗരസഭയില്‍ കാണാമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.

മാലിന്യം നിക്ഷേപിച്ചതിന് പിഴ ഉള്‍പ്പെടെ ശിക്ഷാനടപടികള്‍ സ്വീകരിക്കുെമന്നും, രാത്രികാലങ്ങളിലെ ഇത്തരത്തിലുള്ള

രഹസ്യപരിശോധനകള്‍ അടുത്ത ദിവസങ്ങളിലും തുടരുമെന്നും എച്ച്.ഐ അബ്ദുള്‍സത്താര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.