കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലെ ആദ്യ മോട്ടറൈസ്ഡ് ടാവി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍

കടന്നപ്പള്ളി: കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലെ ആദ്യ മോട്ടറൈസ്ഡ് ടാവി ( ട്രാന്‍സ് അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍-ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയില്ലാതെ തന്നെ ഹൃദയത്തിലെ പ്രധാന വാല്‍വ് ആയ അയോര്‍ട്ടിക് വാല്‍വ് മാറ്റി വെക്കുന്ന ചികില്‍സ) കടന്നപ്പള്ളി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം വിജയകരമായി നിര്‍വ്വഹിച്ചു.

ഈ സങ്കേതം ഉപയോഗിച്ചുള്ള ചികിത്സാരീതി, ഹൃദയ ചികില്‍സയിലെ മറ്റൊരു വിപ്ലവമായി വിലയിരുത്തപ്പെടുന്നു.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം മേധാവിയായ പ്രൊഫ.ഡോ:വി.ജയറാമിന്റെ നേതൃത്വത്തിലാണ് നവീനമായ ഈ ചികില്‍സ നടത്തിയത്.

സംഘത്തില്‍ ഡോ.വി.സുധാകുമാരി (അസോസിയേറ്റ് പ്രൊഫസര്‍), ഡോ. കെ.രാകേഷ് (അസിസ്റ്റന്റ് പ്രൊഫസര്‍), ഡോ.എസ്.ജി.ശ്യാംലക്ഷ്മണ്‍(അസിസ്റ്റന്റ് പ്രൊഫസര്‍) എന്നിവര്‍ പങ്കെടുത്തു.

ഹൃദയത്തില്‍ നിന്നും ശുദ്ധരക്തം ശരീരത്തിന്റെ ഇതരഭാഗങ്ങളിലേക്കെത്തിക്കുന്ന മഹാധമനിയുടെ(അയോര്‍ട്ട) വാല്‍വ് രോഗം ബാധിച്ച് ചുരുങ്ങിയതിനെ തുടര്‍ന്ന് ഗുരുതരമായ ലക്ഷണങ്ങളോടു കൂടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 75 വയസ്സുള്ള രോഗിക്കാണ് ടാവി നടത്തിയത്.

വിജയകരമായ ഈ ചികിത്സയ്ക്ക് ശേഷം രോഗിയെ നാലാം ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

നവീനമായ ഈ ചികിത്സ യാഥാര്‍ത്ഥ്യമാക്കാന്‍ ആവശ്യമായ മുഴുവന്‍ പിന്തുണയും നല്‍കിയ കേരള സര്‍ക്കാരിനോടും ആരോഗ്യ വകുപ്പു മന്ത്രിയോടും മേലധികാരികളോടും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പും സൂപ്രണ്ട് ഡോ. സുദീപും ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തി.

മോട്ടോറൈസ്ഡ് ടാവി ചികില്‍സക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയ കാര്‍ഡിയാക് സര്‍ജറി വിഭാഗത്തിലെ ഡോ.പ്രജീഷ്, ഡോ. റിജോയ്, കാര്‍ഡിയാക് അനസ്തീഷ്യ വിഭാഗത്തിലെ ഡോ.ബിജു എന്നിവര്‍ക്കും മെഡി.കോളേജ് അധികൃതര്‍ അഭിനന്ദനങ്ങളര്‍പ്പിച്ചു.

കൂടാതെ കാത്ലാബ് ടീം, ടെക്‌നീഷ്യന്മാര്‍, നഴ്‌സിംഗ് സ്റ്റാഫ്, സി.സി.യു സ്റ്റാഫ്, വാര്‍ഡ് സ്റ്റാഫ്, മറ്റ് പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരുടെ സംഭാവനകളും ഏറെ പ്രശംസനീയമാണെന്ന് പ്രിന്‍സിപ്പലും സൂപ്രണ്ടും പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രിയില്‍ ചെലവുകുറഞ്ഞ രീതിയില്‍ ഈ ശസ്ത്രക്രിയ നടത്തിയത് പൊതുജനാരോഗ്യ രംഗത്തെ ഒരു പ്രധാന നേട്ടമായി വിലയിരുത്തപ്പെടുന്നു.

ഇതിലൂടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രോഗികള്‍ക്കും അത്യാധുനിക ഹൃദയചികിത്സ സര്‍ക്കാര്‍ ആശുപത്രികളിലൂടെ ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.

ഭാവിയിലും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ ഈ ശസ്ത്രക്രിയ സ്ഥിരമായി നടത്തുമെന്ന് ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു.