ഹൃദയശില്‍പ്പം കാടുകയറുന്നു-പരിസരം പാര്‍ക്ക് ആക്കിമാറ്റണമെന്ന് ആവശ്യം-

പരിയാരം: ഹൃദയ ശില്‍പ്പം കാടുകയറുന്നു. 2014 ല്‍ ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ഹൃദയശില്‍പ്പം എന്ന പേരിലാണ് ഇത് സ്ഥാപിക്കപ്പെട്ടത്.

32 അടി വലുപ്പമുള്ള സിമന്റില്‍ പണിതീര്‍ത്ത ശില്‍പ്പം ഉദ്ഘാടനം ചെയ്ത് 8 വര്‍ഷം പിന്നിട്ടുവെങ്കിലും ഇപ്പോള്‍ കാടുകയറി കിടക്കുകയാണ്.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി കാര്‍ഡിയോളജി വിഭാഗത്തിന് മുന്നില്‍ കണ്ണായ 20 സെന്റ് സ്ഥലമാണ് ഇതിനായി നീക്കിവെച്ചതെങ്കിലും പരിപാലനമില്ലാത്തതിനാല്‍ പ്രദേശം കാടുകയറി കിടക്കുകയാണ്.

ശില്‍പ്പത്തിനടുത്തേക്ക് നടന്നു പോകുന്ന വഴിയിലെ ഗെയിറ്റ് പോലും തുരുമ്പിച്ച് കിടക്കുകയാണ്. ശില്‍പ്പം സ്ഥാപിച്ച സ്ഥലത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കൊതുകുകള്‍ പെറ്റുപെരുകുന്നതായി പരാതികളേറെയാണ്.

ഹൃദയ ശില്‍പ്പത്തിന് ചുറ്റുമുള്ള 20 സെന്റ് സ്ഥലം ഗുണപരമായി ഉപയോഗപ്പെടുത്തിയാല്‍ ആശുപത്രി വികസന സമിതിക്ക് വരുമാനമുണ്ടാക്കാനും സാധിക്കും.

ചെറിയ പാര്‍ക്കും ഒരു കഫ്റ്റീരിയയും ഏര്‍പ്പെടുത്തിയാല്‍ അത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മാനസിക ഉല്ലാസത്തിന് ഉപകാരപ്പെടും. പ്രദേശം കാടുകയറാതെ സംരക്ഷിക്കാനും സാധിക്കും.

എന്നാല്‍ സഹകരണ മേഖലയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഏര്‍പ്പെടുത്തിയ പല സൗകര്യങ്ങളും സര്‍ക്കാര്‍ മേഖലയായതോടെ ഇല്ലാതാവുകയാണെന്ന പരാതിയും വ്യാപകമാണ്.

ചുരുങ്ങിയപക്ഷം കാടുകളെങ്കിലും വെട്ടിത്തെളിച്ച് വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗം വൃത്തിയാക്കുകയെങ്കിലും ചെയ്യണമെന്നാണ് ആവശ്യം.