ടാങ്ക് വേധ ഗൈഡഡ് മിസൈല്‍ ‘ഹെലിന’ വിജയകരമായി പരീക്ഷിച്ചു.

Report-PRESS INFORMATION BUREAU.

ന്യൂഡെല്‍ഹി: സമുദ്ര നിരപ്പില്‍ നിന്ന് വളരെ ഉയരത്തില്‍, തദ്ദേശീയമായി വികസിപ്പിച്ച ഹെലികോപ്റ്ററില്‍ നിന്ന് ടാങ്ക് വേധ ഗൈഡഡ് മിസൈല്‍ ‘ഹെലിന’ ഇന്ന് (2022 ഏപ്രില്‍ 11ന്) വിജയകരമായി പരീക്ഷിച്ചു.

പ്രതിരോധ ഗവേഷണ വികസന സംഘടനയിലെ (DRDO) ശാസ്ത്രജ്ഞരും, കര-വ്യോമസേനാ സംഘങ്ങളും സംയുക്തമായാണ് പ്രയോഗക്ഷമതാ പരിശോധനയുടെ ഭാഗമായുള്ള പരീക്ഷണ വിക്ഷേപണം നടത്തിയത്.

ഒരു അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററില്‍ (ALH) നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം. കൃത്രിമമായി സൃഷ്ടിച്ച യുദ്ധടാങ്കിനെ ലക്ഷ്യമാക്കി മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു.

ലോക്ക് ഓണ്‍ ബിഫോര്‍ ലോഞ്ച് മോഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫ്രാറെഡ് ഇമേജിംഗ് സീക്കര്‍ (IIR) ആണ് മിസൈലിനെ നയിക്കുന്നത്. ലോകത്തിലെ ഏറ്റവും അത്യാധുനിക ടാങ്ക് വേധ ആയുധങ്ങളില്‍ ഒന്നാണിത്.

പൊഖ്‌റാനില്‍ നടത്തിയ പ്രയോഗക്ഷമതാ പരിശോധനയുടെ തുടര്‍ച്ചയായി, സമുദ്ര നിരപ്പില്‍ നിന്ന് വളരെ ഉയരത്തില്‍ നടത്തിയ പരീക്ഷണത്തിലെ വിജയം,

മിസൈലിന്റെ ALH സംയോജനത്തിന് വഴിയൊരുക്കുന്നു. DRDO യിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരും മുതിര്‍ന്ന കരസേനാ ഉദ്യോഗസ്ഥരും പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചു.

സംയുക്ത പരിശ്രമത്തിലൂടെ ഇദംപ്രഥമമായി ഈ നേട്ടം കൈവരിച്ചതില്‍ DRDO യെയും ഇന്ത്യന്‍ സൈന്യത്തെയും രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.