ഹിപ്പോക്രാറ്റസിന്റെ ശില്പം ഒരു ഓര്‍മ്മയും ഓര്‍മ്മപ്പെടുത്തലും-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപിന്റെ കുറിപ്പ്.
ഇന്നലെ അനാച്ഛാദനം ചെയ്യപ്പെട്ട കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലെ ഹിപ്പോക്രാറ്റസ് ശില്‍പ്പത്തെക്കുറിച്ചും, ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹിപ്പോക്രാറ്റസിനെക്കുറിച്ചും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപിന്റെ കുറിപ്പ്.
ചരിത്രം, കേവലം മഹാന്മാരായ വ്യക്തികളുടെ മാത്രം കഥയല്ല; എങ്കിലും മാനവചരിത്രത്തില്‍, പ്രതിസന്ധി ഘട്ടങ്ങളിലും നിശ്ചല (stagnant)ഘട്ടങ്ങളിലും വ്യക്തികള്‍ അവരുടെ സ്ഥാനം അടയാളപ്പെടുത്തിപ്പോന്നിട്ടുണ്ട്. ചരിത്രഗതി നിര്‍ണ്ണയിക്കുന്നതില്‍ അത്തരം വ്യക്തികള്‍ നല്‍കിയ സംഭാവനകള്‍ അളവറ്റതാണ്. ജീവിച്ചിരുന്ന കാലഘട്ടം കൂടി കണക്കിലെടുത്താല്‍, വൈദ്യശാസ്ത്ര ചരിത്രത്തില്‍, ശാസ്ത്രചരിത്രത്തില്‍ത്തന്നെ, ഇതുപോലെ ചരിത്രഗതിയുടെ വഴിതിരിച്ചുവിട്ട ഒരാള്‍ വേറെയില്ല എന്ന് ഹിപ്പോക്രാറ്റസിനെ ഓര്‍ത്തു കൊണ്ട് പറയാം.
രോഗങ്ങള്‍ പാപത്തിന്റെയും ശാപത്തിന്റെയും വിളവെടുപ്പും കണക്കെടുപ്പുമായി രേഖപ്പെടുത്തപ്പെട്ട് പോകുമായിരുന്ന നിരവധി നൂറ്റാണ്ടുകള്‍ ചരിത്രത്താളുകളില്‍ നിന്നും മായിച്ചു കളഞ്ഞത് ഹിപ്പോക്രാറ്റസ് എന്ന പ്രതിഭയുടെ വിരലുകളാണ്. അജ്ഞാനത്തിന്റെയും അന്ധവിശ്വാസത്തിന്റേതുമായ പ്രാചീനകാലത്ത് ജീവിച്ചിരുന്നയാളാണെങ്കിലും, തത്ത്വചിന്തയും അന്ധവിശ്വാസങ്ങളുമായി കെട്ടുപിണഞ്ഞു പോകുമായിരുന്ന വൈദ്യശാസ്ത്രത്തെ – അന്ന് അത് ഒരു വിജ്ഞാനശാഖ പോലുമായിരുന്നില്ല എന്നോര്‍ക്കണം – അത്തരം ചിന്താധാരകളെ പ്രതിരോധിച്ചും തള്ളിക്കളഞ്ഞും കൊണ്ട് ശാസ്ത്രീയ ചിന്തയുടെ പാതയിലേക്ക് ആനയിച്ചു എന്നതാണ് നൂറ്റാണ്ടുകള്‍ നീളുന്ന വൈദ്യശാസ്ത്ര ചരിത്രത്തില്‍ ഹിപ്പോക്രാറ്റസിനുള്ള പ്രാമാണികസ്ഥാനത്തിന് അടിസ്ഥാനം.
രോഗങ്ങളെക്കുറിച്ചുള്ള വിജ്ഞാനീയം
പ്രകൃത്യതീത ശക്തികളുടെ പ്രഭാവമോ വിളയാട്ടമോ ഒക്കെ ആയി കണ്ടിരുന്ന അക്കാലത്ത്, സയന്‍സ് പോലും നിലവിലില്ലായിരുന്ന ഒരു കാലത്ത്, രോഗജനകമായ കാരണങ്ങളിലേക്ക് ദൈവത്തേയോ ചെകുത്താനെയോ വലിച്ചിഴക്കാതെ രോഗവിജ്ഞാനീയത്തെ യുക്തിസഹമായ ഒരു ശാസ്ത്രശാഖയുടെ നിലയിലേക്ക് കൈപിടിച്ചു നടത്തിയതിനാലാണ് ഇരുപത്തഞ്ച് നൂറ്റാണ്ടുകള്‍ക്കിപ്പുറവും ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി ഹിപ്പോക്രാറ്റസ് കൊണ്ടാടപ്പെടുന്നത്. അതുകൊണ്ടാണ് ഹിപ്പോക്രാറ്റസിനാലും ‘ഹിപ്പോക്രാറ്റസ് സ്‌കൂള്‍’ എന്ന് വിളിച്ചു പോരുന്ന പില്‍ക്കാലത്തെ അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയാലും വിരചിക്കപ്പെട്ട ‘കോര്‍പ്പസ് ഹിപ്പോക്രാറ്റിക്കം’ ആദ്യത്തെ ശാസ്ത്ര ഗ്രന്ഥമായി എണ്ണപ്പെടുന്നതും.
ശരീരശാസ്ത്രവും ഫിസിയോളജിയും അജ്ഞേയമായിരുന്ന, ക്രിസ്തുവിന് മുന്‍പുള്ള ആ കാലത്ത് ഹിപ്പോക്രാറ്റസ് എന്ന ഈ ഗ്രീക്ക് ചികിത്സകന്‍ ആവിഷ്‌ക്കരിച്ച രോഗ സംബന്ധിയായ സകല സിദ്ധാന്തങ്ങളുടെയും അടിസ്ഥാനം അദ്ദേഹത്തിന്റെ സൂക്ഷ്മനിരീക്ഷണ – അപഗ്രഥന പാടവവും ദീര്‍ഘദര്‍ശിത്വവും മാത്രമായിരുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വൈദ്യശാസ്ത്രം ഇന്നത്തെ നിലയിലേക്ക് വികസിച്ചിട്ടും അദ്ദേഹം ആവിഷ്‌കരിച്ച ഒട്ടേറെ സിദ്ധാന്തങ്ങള്‍ പ്രസക്തി നഷ്ടപ്പെടാതെ നിലനില്‍ക്കുന്നു.
ചികിത്സകന്‍ എന്ന നിലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല ഹിപ്പോക്രാറ്റസിന്റെ വ്യക്തിത്വം. വൈദ്യശാസ്ത്രം ശൈശവദശയിലായിരുന്ന കാലത്ത് തന്നെ, ഭാവിയിലെ ദുരുപയോഗസാദ്ധ്യത മുന്നില്‍കണ്ട്, അതിന് നൈതികതയുടെ അതിര്‍വരമ്പുകള്‍ നിശ്ചയിച്ചു കൊണ്ട് ഹിപ്പോക്രാറ്റസ് രൂപം നല്‍കിയ നൈതികപ്രതിജ്ഞ (Hippocratic Oath), 1948 ല്‍ ജനീവാ പ്രഖ്യാപനം (Declaration of Geneva) നിലവില്‍ വരുന്നത് വരെയുള്ള ഇരുപത്തി മൂന്നു നൂറ്റാണ്ടുകളോളം ലോകമെമ്പാടുമുള്ള വൈദ്യവിദ്യാര്‍ത്ഥികളുടെ മാമോദീസാച്ചടങ്ങ് എന്ന് വിശേഷിപ്പിക്കാവുന്ന ബിരുദദാനവേളയില്‍ മാറ്റമില്ലാതെ നിലകൊണ്ടു എന്നത് വൈദ്യലോകത്ത് അദ്ദേഹത്തിന്റെ ഗുരുസ്ഥാനീയത എത്രത്തോളമായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു. ആ ഓര്‍മ്മയ്ക്ക് മുന്നില്‍ നമുക്ക് നമിക്കാം.
ഒരു വൈദ്യവിദ്യാഭ്യാസ സ്ഥാപനത്തിന്റെ മുറ്റത്ത്, വിദ്യാര്‍ത്ഥികളും ചികിത്സകരും പ്രവേശിക്കുന്നയിടത്ത്, അലിവാര്‍ന്ന കണ്ണുകളുള്ള ഈ ജ്ഞാനവൃദ്ധന്റെ ശില്പം കാവലാളായി പ്രതിഷ്ഠിക്കപ്പെടുമ്പോള്‍ അത് ഒരു ഓര്‍മ്മപ്പെടുത്തലുമാണ്. വൈദ്യ ലോകത്തിന്റേതു മാത്രമല്ല, പൊതുസമൂഹത്തിന്റേയും നന്ദി പ്രകാശനവുമാണ്. ഈ ചടങ്ങിലെ, ലോക പ്രസിദ്ധ ശില്പി കാനായിയുടെയും ഇന്നിവിടെ എത്തിച്ചേര്‍ന്ന പ്രൊഫഷനു പുറത്തുള്ള ഓരോരുത്തരുടെയും സാന്നിദ്ധ്യത്തെ അങ്ങനെയാണ് ഞാന്‍ കാണുന്നത്. കാരണം സമൂഹം, വൈദ്യ ലോകത്തിനുണ്ടായിരിക്കേണ്ടതെന്നു കരുതുന്ന നൈതികതയെക്കുറിച്ച്, ഉത്തരവാദിത്തത്തെക്കുറിച്ച് അത്രമേല്‍ നിഷ്‌ക്കര്‍ഷ പുലര്‍ത്തിയ ഒരു വൈദ്യഗുരു വേറെയില്ല. വൈദ്യവൃത്തിയുടെ ഔന്നത്യത്തെക്കുറിച്ച് അത്രയും ആഴമുള്ള വചനങ്ങള്‍ മറ്റൊരു വദനത്തില്‍ നിന്നും പുറപ്പെട്ടു വന്നിട്ടുമില്ല. എവിടെ വൈദ്യം എന്ന കല സ്‌നേഹിക്കപ്പെടുന്നുവോ അവിടെയെല്ലാം മാനവികതയോടുള്ള സ്‌നേഹവും അദൃശ്യസാന്നിദ്ധ്യമായി നിലകൊള്ളുന്നു.