ഇന്നത്തെ ഡോക്ടര്‍മാരെ വിശ്വസിക്കാനാവില്ലെന്ന് ശില്‍പ്പി കാനായി കുഞ്ഞിരാമന്‍.

പരിയാരം: ഇന്നത്തെ ഡോക്ടര്‍മാരെ വിശ്വസിക്കാനാവില്ലെന്ന് പ്രമുഖ ശില്‍പ്പി കാനായി കുഞ്ഞിരാമന്‍.

നിരവധി ഡോക്ടര്‍മാര്‍ വേദിയിലും സദസിലും ഇരിക്കവെയാണ് കാനായിയുടെ രൂക്ഷ വിമര്‍ശനം.

പണം മാത്രമാണ് ഡോക്ടര്‍മാര്‍ക്ക് ഇന്ന് മുഖ്യമെന്നും, ആശുപത്രികളില്‍ ചികില്‍സ തേടിയെത്തുന്ന സാധാരണക്കാരും പാവപ്പെട്ടവരും ഇതിന്റെ ദുരിതങ്ങള്‍ അനുഭവിക്കുകയാണെന്നും കാനായി പറഞ്ഞു.

ഭക്ഷണം കഴിച്ചില്ലെങ്കിലും പണം സമ്പാദിച്ചുകൂട്ടണമെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നതെന്നും കാനായി വിമര്‍ശിച്ചു.

സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വടക്കന്‍ കേരളത്തില്‍ മെഡിക്കല്‍ കോളേജ് പടുത്തുയര്‍ത്തിയ എം.വി.ആറിനെ അനുസ്മരിച്ചുകൊണ്ടായിരുന്നു കാനായിപ്രസംഗം ആരംഭിച്ചത്.

2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഹിപ്പോക്രാറ്റസിന്റെ ജീവിതവും പ്രവൃത്തിയും പുതിയ കാലഘട്ടത്തിലെ ഡോക്ടര്‍മാര്‍ക്ക് ഒരു പാഠമാവാന്‍ ഹിപ്പോക്രാറ്റസിന്റെ ശില്‍പ്പത്തിന് സാധിക്കുമെങ്കില്‍ നല്ലതായേനെ എന്നും അദ്ദേഹം പറഞ്ഞു.