പുലി പൂച്ചയായി, പിന്നെ പുഴുവായി- ഒടുവില്‍ പോലീസ് കേസും

പരിയാരം: പുലി പൂച്ചയായി, പിന്നെ പുഴുവായി ഒടുവില്‍ പോലീസ് കേസും.

മാതമംഗലത്തെ ചുമട്ടുതൊഴിലാളി സമരം എല്ലാവരും ഓര്‍ക്കുന്നുണ്ടാവും.

അങ്ങ് തിരുവന്തോരം വരെ പ്രശ്‌നം എത്തിയിരുന്നു.

ഒടുവില്‍ സി.ഐ.ടി.യു സ്ഥാപന ഉടമക്ക് മുന്നില്‍ മുട്ടുകുത്തിയതും എല്ലാവരുമറിയുന്ന കഥ.

ഇത് കഥയിലെ ഒരു മറവില്‍ തിരിവാണ്.

ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ചുമട്ടുതൊഴിലാളി നേതാവിനെ ഈ സംഭവത്തിന്റെ തുടര്‍ച്ചയായി പരിയാരത്തെ വനിതാ എസ്.ഐ പാര്‍ട്ടി ഓഫീസില്‍ കയറി കുത്തിന് പിടിച്ച് സ്റ്റേഷനിലെത്തിച്ചിരുന്നു.

ഈ നേതാവിന്റെ നേതൃത്വത്തില്‍ ചുമട്ടു തൊഴിലാളി പ്രശ്‌നത്തില്‍ കടയുടമക്ക് പിന്തുണയുമായി എത്തിയ പരിയാരത്തെ ചില മുസ്ലിംലീഗ് നേതാക്കളെ കൈകാര്യം ചെയ്തത് വലിയ വിവാദമായിരുന്നു.

എല്ലാം ആറിണുത്തപ്പോഴാണ് മേല് നൊന്ത പരിയാരത്തെ പാര്‍ട്ടിക്കാര്‍ കളി തുടങ്ങിയത്.

ചുമട്ടുനേതാവിന്റെ ചുറ്റിക്കളികള്‍ അറിയാവുന്ന ഇവര്‍ തേന്‍കെണിയൊരുക്കി.

നേതാവിന്റെ ഫേസ്ബുക്ക് മെസഞ്ചറിലേക്ക് തേനിങ്ങനെ ഒഴുകിത്തുടങ്ങി.

തൊട്ടുനക്കിയതൊന്നും പോരെന്നും കുടിച്ചുതന്നെ അനുഭവിക്കണമെന്നും ആഗ്രഹം മൂത്ത നേതാവ് കെണിയില്‍ തലവെച്ചുകൊടുത്തു.

തേനുണ്ണാനിറങ്ങിയ നേതാവിനെ കാത്തിരുന്നവര്‍ നല്ല കടന്നല്‍കുത്ത് തന്നെ നല്‍കി.

സംഭവം പോലീസിലെത്തി.

കടന്നലുകള്‍ക്കെതിരെ കേസെടുത്ത പോലീസിപ്പോള്‍ ഇല്ലാത്തെ തേന്‍കെണിയില്‍ കുടുങ്ങിയ നേതാവിനെതിരെ കൂടി കേസെടുത്തിരിക്കയാണ്.

പുലി പൂച്ചയായതും പൂച്ച പുഴുവായതും കണ്ട് നാട്ടുകാര്‍ ഊറാതെ ചിരിക്കുകയാണിപ്പോള്‍.