ഹോപ്പിന്റെ പേരില്‍ വ്യാജ രസീത് ഉപയോഗിച്ച് പണപ്പിരിവ്-കയ്യോടെ പിടിച്ചപ്പോള്‍ പണമടച്ച് തടിയൂരി-വിവാദം പുകയുന്നു.

പിലാത്തറ: പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ ഹോപ്പ് ചാരിറ്റബില്‍ സൊസൈറ്റിയുടെ പേരില്‍ വ്യാജ രസീത് ഉപയോഗിച്ച് പണം തട്ടിപ്പ് നടത്തി.

സംഭവം പുറത്തായതോടെ പണം അടിച്ചുമാറ്റിയ വ്യക്തി ഹോപ്പില്‍ പണം അടച്ച് തടിയൂരിയെങ്കിലും പ്രശ്‌നം പുകഞ്ഞുകൊണ്ടിരിക്കയാണ്.

ജൂലൈ 17 ന് കുളപ്പുറം സ്വദേശിനിയായ ഒരു സ്ത്രീയാണ് ഹോപ്പിലെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കാനായി 20,000 രൂപ ഒരു പ്രമുഖ വ്യക്തി മുഖേന ഹോപ്പിലേക്ക് കൊടുത്തയച്ചത്.

ഇദ്ദേഹം പണം അടച്ചതിന്റെ രസീതും സ്ത്രീക്ക് നല്‍കി.

ഇക്കഴിഞ്ഞ 20 ന് വീണ്ടും സ്ത്രീ ഒരു ഓട്ടോറിക്ഷയില്‍ ഹോപ്പിലെത്തി. ഓട്ടോഡ്രൈവറുടെ കയ്യില്‍ 1000 രൂപ കൊടുത്തയച്ചു.

രസീത് ആരുടെ പേരില്‍ നല്‍കണമെന്ന് ചോദിച്ചപ്പോഴാണ് കഴിഞ്ഞ 17 ന് 20,000 കൈപ്പറ്റിയ അതേ പേരില്‍ നല്‍കിയാല്‍ മതിയെന്ന് പറഞ്ഞത്.

ഹോപ്പ് മാനേജിംഗ് ട്രസ്റ്റി കെ.എസ്.ജയമോഹന്‍ ഇത്തരത്തില്‍ ഒരു സംഭാവന ലഭിച്ചിട്ടില്ലെന്നറിയിച്ചതോടെയാണ് പ്രശ്‌നം വിവാദമായത്.

സംഭാവന നല്‍കിയ സ്ത്രീ രസീത് കാണിച്ചതോടെ ഇത്തരമൊരു രസീത് തങ്ങള്‍ നല്‍കിയതല്ലെന്ന് ഹോപ്പ് വ്യക്തമാക്കി.

ഇതോടെ സ്ത്രീ താന്‍ 20,000 കൊടുത്തയാളെ വിളിച്ചുവരുത്തി.

പ്രശ്‌നം പോലീസ് കേസാകുമെന്ന് കണ്ടതോടെ ഈ വ്യക്തി പണം ഹോപ്പിലേക്ക് കൈമാറിയെങ്കിലും വ്യാജ രസീത് തയ്യാറാക്കിയത് താനല്ലെന്ന നിലപാടിലാണ് ഇയാള്‍.

ഈ സംഭവം ഒതുക്കിതീര്‍ക്കാനുള്ള നീക്കത്തിനെതിരെ ഹോപ്പിലെ സന്നദ്ധ പ്രവര്‍ത്തകരായ പലരും രംഗത്തുവന്നിട്ടുണ്ട്.

രസീതിലെ ലാന്റ് ലൈന്‍ ഫോണില്‍ വിളിച്ചപ്പോള്‍ ട്രൂകോളറില്‍ നജ്മു എന്നാണ് പേര് തെളിഞ്ഞത് ഇതോടെ പലരും പിലാത്തറയിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നജ്മുദ്ദീന്‍ പിലാത്തറയെ വിളിച്ചു വിവരം തിരക്കി.

ഇതോടെ നജ്മുദ്ദീനാണ് ഇത്തരം തട്ടിപ്പ് നടക്കുന്നതായി പൊതുസമൂഹത്തെ അറിയിച്ചത്.

വ്യാജ രസീത് തയ്യാറാക്കിയ ആളെ കണ്ടെത്താന്‍ പോലീസില്‍ പരാതി നല്‍കണമെന്ന ആവശ്യം ശക്തിപ്പെടുന്നുണ്ട്.