ശാന്തി വീണ്ടും കുടുംബത്തിന്റെ തണലില്‍-ഹോപ്പ് പ്രതിനിധികള്‍ക്ക് മറക്കാനാവാത്ത അനുഭവം.
റാഞ്ചി(ജാര്‍ഖണ്ഡ്): ഏഴു വര്‍ഷത്തിന് ശേഷം ശാന്തി മുണ്ടെ ബന്ധുക്കളെ കണ്ടു.
മനോനില തെറ്റിയ നിലയില്‍ കരിവെള്ളൂര്‍ ഭാഗത്ത് അലഞ്ഞു തിരിഞ്ഞ് നടന്ന ശാന്തിയെ പയ്യന്നുര്‍ പോലീസാണ് പിലാത്തറയിലെ ഹോപ്പ് കേന്ദ്രത്തില്‍ എത്തിച്ചത്.
ദീര്‍ഘനാളത്തെ പരിചരണവും മനോരോഗചികിത്സയും കൊണ്ട് പൂര്‍ണ്ണാരോഗ്യം വീണ്ടെടുത്ത ശാന്തിയുടെ ബന്ധുക്കളെ കണ്ടെത്താന്‍ കഴിഞ്ഞത് ഏറെനാളത്തെ ശ്രമഫലമായാണ്.
ബംഗളൂരുവിലെ സാമൂഹ്യ പ്രവര്‍ത്തകയായ കെ.എസ്.ശീതള്‍ ഹോപ്പില്‍ ഇന്റേണ്‍ഷിപ്പിനായി എത്തിയപ്പോള്‍ പരിചയപ്പെട്ട ശാന്തിയുടെ ബന്ധുക്കളെ കണ്ടെത്തി കൂടിക്കാഴ്ച്ചക്ക് വഴി തുറന്നത് ശീതളായിരുന്നു.
ആഗസ്റ്റ്-29 നാണ് ഹോപ്പ് റീഹാബിലിറ്റേഷന്‍ സെന്റര്‍ സെക്രട്ടറി ജാക്വലിന്‍ ബിന്ന സ്റ്റാന്‍ലി, യുവ ഹോപ്പ് കോര്‍ഡിനേറ്റര്‍ കെ.പി.മുഹമ്മദ് റിയാസ് എന്നിവര്‍ ചേര്‍ന്ന് ഇവരെ ജന്മദേശമായ ജാര്‍ഖണ്ഡലേക്ക് കൊണ്ടുപോയത്.
ഇന്ന് രാവിലെ അവിടെയത്തിയ ശേഷം സര്‍ക്കാര്‍ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ബന്ധുക്കള്‍ക്ക് കൈമാറി.
ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചായ്ബസ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജാര്‍ഖണ്ഡ് വനിതാ-ശിശു വികസന സാമൂഹ്യ സുരക്ഷാ വകുപ്പിന് വേണ്ടി നളിനി ഗോപ്പെ, സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സിലര്‍ നമ്രത ഗോര്‍, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ നിത കോര, ശാന്തിയുടെ അമ്മായി ജയശ്രീ മുണ്ട, സഹോദരി സുകുമതി മുണ്ട എന്നിവര്‍ക്കാണ് ഇവരെ കൈമാറിയത്.
ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ശാന്തിയുടെ കുടുംബസമാഗമം ചടങ്ങില്‍ പങ്കെടുത്തവരുടെ കണ്ണുനിറയ്ക്കുന്ന അനുഭവമായി.