Skip to content
പരിയാരം: വീട്ടുകാര്‍ ടൂറിന് പോയത് കള്ളന് കുശാലായി.
വീട് കുത്തിത്തുറന്ന് 7 പവന്‍ സ്വര്‍ണ്ണവും 10,000 രൂപയും കവര്‍ച്ച ചെയ്തു.
പരിയാരം പോലീസ് പരിധിയില്‍ ഹനുമാരമ്പലം റോഡില്‍ തോമക്കുളത്തിന് സമീപത്തെ സാജിതാ മന്‍സിലില്‍ സഫൂറയുടെ(54)വീട്ടിലായിരുന്നു കവര്‍ച്ച.
വീട് പൂട്ടി കുടുംബാംഗങ്ങള്‍ കഴിഞ്ഞ എട്ടിനാണ് ടൂറിന് പോയത്.
യാത്രയില്‍ സ്വര്‍ണാഭരണങ്ങള്‍ ഒഴിവാക്കാനാണത്രേ അവ വീട്ടില്‍ ഊരിവെച്ച് യാത്ര പോയത്.
ഇന്നലെ വൈകുന്നേരം അടുത്ത വീട്ടിലെ കുട്ടികളാണ് വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് അന്വേഷിച്ചപ്പോള്‍ കുളിമുറിയുടെ വാതില്‍ തകര്‍ത്തതായി കണ്ടത്.
മുറികളിലെ എല്ലാ വാതിലുകളും തുറന്ന മോഷ്ടാക്കള്‍ വീട് മുഴുവന്‍ വാരിവലിച്ചിട്ടിരുന്നു.
സഫൂറയുടെയും മകളുടെയും സ്വര്‍ണാഭരണങ്ങളും അലമാരയില്‍ സൂക്ഷിച്ച പണവുമാണ് മോഷ്ടിക്കപ്പെട്ടത്.
ഈ വീടിന് സമീപത്തെ മറ്റ് രണ്ട് വീടുകളിലെയും താമസക്കാര്‍ പുറത്തുപോയത് മോഷ്ടാക്കള്‍ക്ക് ഓപ്പറേഷന്‍ എളുപ്പമാക്കി.
പരിയാരം പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.
പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടെ നടന്ന ഒരൊറ്റ മോഷണങ്ങളില്‍ പോലും പ്രതികളെ പിടികൂടിയിട്ടില്ല.
ഇവിടെ എസ്.എച്ച്.ഒ തസ്തിക കഴിഞ്ഞ 5 മാസമായി ഒഴിഞ്ഞുകിടക്കുകയാണെങ്കിലും ഇതേവരെ നിയമനം നടന്നിട്ടില്ല.
പ്രമാദമായ നിരവധി കേസുകളുണ്ടെങ്കിലും ഒന്നില്‍ പോലും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.