തോണിക്കുഴിയുടെ നിരാഹാരം പത്ത് മുതല്‍ അഞ്ചുവരെ-ഒടുവില്‍ തഹസില്‍ദാരുടെ അനുരഞ്ജനം-
തളിപ്പറമ്പ്: ജോസ് തോണിക്കുഴി തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നില്‍ നടത്തിയ നിരാഹാര സത്യാഗ്രഹം തഹസില്‍ദാര്‍ അനുരഞ്ജനത്തിലൂടെ അവസാനിപ്പിച്ചു.

സ്ഥിരം സത്യാഗ്രഹ സമരക്കാരനായ ജോസ്
ഇന്ന് രാവിലെയാണ് സത്യാഗ്രഹം ആരംഭിച്ചത്.
തളിപ്പറമ്പ് സബ് കളക്ടര്‍ ഓഫീസിന് മുന്നിലാണ് നിരാഹാര സത്യാഗ്രഹ സമരമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും പിന്നീട് താലൂക്ക് ഓഫീസിന് മുന്നിലെ ഗാന്ധിപ്രതിമക്ക് മുന്നിലേക്ക് മാറ്റുകയായിരുന്നു.
തനിക്കെതിരെ പോലീസ് കെട്ടിച്ചമച്ച കള്ളക്കേസുകള്‍ പിന്‍വലിക്കുക, തട്ടിയെടുത്ത ആധാരവും മറ്റ് രേഖകളും തിരിച്ചുനല്‍കുക എന്ന് തുടങ്ങി മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന പ്ലക്കാര്‍ഡുകളും പ്രദര്‍ശിപ്പിച്ചായിരുന്നു സമരം.
വൈകുന്നേരത്തോടെ ജോസ് അവശനായെങ്കിലും സത്യാഗ്രഹം രാത്രിയിലും തുടരുമെന്ന നിലപാടിലായിരുന്നു.
എന്നാല്‍ തളിപ്പറമ്പ് തഹസില്‍ദാര്‍ സി.സജീവന്‍ പ്രശ്‌നത്തില്‍ ഇടപെട്ട് നടത്തിയ അനുരഞ്ജനത്തേതുടര്‍ന്ന് ജോസ് വൈകുന്നേരം 4.45 ന് സത്യാഗ്രഹം അവസാനിപ്പിക്കുകയായിരുന്നു.
നേരത്തെ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍, ഡി.വൈ.എസ്.പി.ഓഫീസ്, നഗരസഭാ ഓഫീസ്, തളിപ്പറമ്പ് കോടതി, താലൂക്ക് ഓഫീസ്, കണ്ണൂര്‍ കുടുംബകോടതി, കോണ്‍ഗ്രസ് മന്ദിരം എന്നിവിടങ്ങള്‍ക്ക് മുന്നില്‍ ജോസ് നിരാഹാര സമരം നടത്തിയിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ജോസ് ഡി.സി.സി പ്രസിഡന്റായിരുന്ന സതീശന്‍ പാച്ചേനിയുടെ രാജി ആവശ്യപ്പെട്ടാണ് രണ്ടുവര്‍ഷം മുമ്പ് തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരത്തിന് മുന്നില്‍ സത്യാഗ്രഹം നടത്തിയത്.
