ഐസിഐസിഐ ബാങ്ക് സേവിങ് ബാക്ക് അക്കൗണ്ടുകളില്‍ ഇനി 50000 രൂപയാണ് മിനിമം ബാലന്‍സ്

മുംബൈ: ബാക്ക് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുകയുടെ പരിധി കുത്തനെ ഉയര്‍ത്തി ഐസിഐസിഐ ബാങ്ക്. രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യബാങ്കായ ഐസിഐസിഐ മെട്രോ, നോണ്‍ മെട്രോ നഗരങ്ങളിലെ ബ്രാഞ്ചുകളിലെ അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് ഉയര്‍ത്തിയത്. മെട്രോ നഗര ബ്രാഞ്ചുകളിലെ സേവിങ് ബാക്ക് അക്കൗണ്ടുകളില്‍ ഇനി 50000 രൂപയാണ് മിനിമം ബാലന്‍സ് ആയി സൂക്ഷിക്കേണ്ടത്. നോണ്‍ മെട്രോ നഗരങ്ങളില്‍ ഇത് 25,000 രൂപയായും ഉയര്‍ത്തി.
നേരത്തെ, മെട്രോ ബ്രാഞ്ചുകളിലെ എസ്ബി അക്കൗണ്ടുകളില്‍ സുക്ഷിക്കേണ്ട മിനിമം ബാലന്‍സ് 10000 രൂപയും നോണ്‍ മെട്രോയില്‍ 5000 രൂപയുമായിരുന്നു. മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ കഴിയാത്ത അക്കൗണ്ടുകള്‍ക്ക് ചുമത്തുന്ന പിഴയിലും ബാങ്ക് വര്‍ധന വരുത്തിയിട്ടുണ്ട്. ആവശ്യമായ ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍, ആവശ്യമായ ബാലന്‍സ് കമ്മിയുടെ 6 ശതമാനം അല്ലെങ്കില്‍ 500 രൂപ, ഏതാണോ കുറവ് അത് പിഴയായി ഈടാക്കും.
ഗ്രാമീണ ശാഖകളില്‍ പുതിയതായി തുറക്കുന്ന സേവിങ്സ് അക്കൗണ്ടുകളില്‍ ഇനിമുതല്‍ 10,000 രൂപ നിലനിര്‍ത്തേണ്ടിയും വരും. നേരത്തെ 2500 രൂപയായിരുന്ന തുകയാണ് പതിനായിരത്തിലേക്ക് ഉയര്‍ന്നത്. മിനിമം തുക പരിധി ഉയര്‍ത്തുമ്പോള്‍ ഇത്തരം അക്കൗണ്ടുകള്‍ക്ക് നല്‍കുന്ന പലിശ നിരക്കില്‍ മാറ്റമില്ലെന്നതാണ് മറ്റൊരു വസ്തുത. 2.5 ശതമാനം വാര്‍ഷിക പലിശ നിരക്ക് പുതിയ സാഹചര്യത്തിലും തുടരും. സേവിങ്ബാക്ക് നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കുകളില്‍ ഒന്നാണിത്. എസ് ബി ഐ ആണ് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് (2.25 ശതമാനം) നല്‍കുന്നത്. അതേസമയം, പുതിയ അക്കൗണ്ട് ഉടമകള്‍ക്ക് ഐഎംപിഎസ് ഇടപാടുകള്‍, ചെക്ക് ബുക്കുകള്‍ എന്നിങ്ങനെയുള്ള സേവങ്ങള്‍ സൗജന്യമായി ലഭിക്കും.
ബാങ്ക് ശാഖകള്‍, ക്യാഷ് റീസൈക്ലര്‍ മെഷീനുകള്‍ എന്നിവയിലുടെ പ്രതിമാസം മൂന്ന് സൗജന്യ ഇടപാടുകള്‍ അനുവദിക്കും. പിന്നീടുള്ള ഓരോ ഇടപാടിനും 150 രൂപ ഈടാക്കും. പണം പിന്‍വലിക്കുന്നതിലും സമാനമായ ഫീ നിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിമാസം മൂന്ന് സൗജന്യ പ്രതിമാസ ഇടപാടുകള്‍, ഓരോ അധിക ഇടപാടിനും 150 രൂപ, ഒരു ലക്ഷം രൂപ സൗജന്യ പ്രതിമാസ പരിധി. ഈ പരിധിക്ക് മുകളിലുള്ള ചാര്‍ജുകളും 1,000 രൂപയ്ക്ക് 3.5 രൂപ അല്ലെങ്കില്‍ 150 രൂപ ഇതില്‍ ഉയര്‍ന്ന തുക ഈടാക്കും.
പ്രവൃത്തി സമയങ്ങളില്‍ (വൈകുന്നേരം 4.30 മുതല്‍ രാവിലെ 9 വരെ) ക്യാഷ് മെഷീനുകള്‍ അല്ലെങ്കില്‍ ക്യാഷ് റീസൈക്ലര്‍ മെഷീനുകള്‍ വഴി നടത്തുന്ന നിക്ഷേപങ്ങള്‍ക്ക്, ഒരു മാസത്തില്‍ മൊത്തം നിക്ഷേപം 10,000 രൂപയില്‍ കൂടുതലാണെങ്കില്‍, ഓരോ ഇടപാടിനും 50 രൂപ ഈടാക്കും. മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ ആറ് മെട്രോ നഗരങ്ങളിലെ ഐസിഐസിഐ ബാങ്ക് ഇതര മെഷീനുകളില്‍ എടിഎം ഇടപാടുകള്‍ക്ക്, ആദ്യത്തെ മൂന്ന് പ്രതിമാസ ഇടപാടുകള്‍ക്ക് ശേഷം, ഓരോ ഇടപാടിനും 23 രൂപയും സാമ്പത്തികേതര ഇടപാടിന് 8.5 രൂപയും ബാങ്ക് ഈടാക്കും.