മണ്ണ് വെറും മണ്ണല്ല-ചോദിക്കാനാളുണ്ട്-നിടുവാലൂരില്‍ മണ്ണെടുപ്പ് തടഞ്ഞ് പഞ്ചായത്ത് അധികൃതര്‍.
ചെങ്ങളായി: അനധികൃത മണ്ണെടുപ്പിനെതിരെ ചെങ്ങളായി പഞ്ചായത്ത് അധികൃതര്‍ രംഗത്തിറങ്ങി.

ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ നിടുവാലൂരില്‍ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയോരത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള
ഭൂമിയില്‍ നിന്നും അനധികൃതമായി മണ്ണ് നീക്കം ചെയ്യുന്നതാണ് പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷിന്റെ നേതൃത്വത്തില്‍
തടഞ്ഞത്. സ്വകാര്യ വ്യക്തിക്ക് നല്കിയ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന്റെ മറവിലാണ് കുന്നിടിച്ച് വലിയ വാഹനങ്ങള്‍
ഉപയോഗിച്ച് മണ്ണ് കടത്തുന്നത്. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിലെ വ്യവസ്ഥ അനുസരിച്ച്, മണ്ണ് നീക്കം ചെയ്യുന്നതിന് ജിയോളജി വകുപ്പിന്റെ ട്രാന്‍സിറ്റ് പാസ് ആവശ്യമാണ്.
പ്രസ്തുത വ്യവസ്ഥയില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അനുവദിച്ച വിവരം ജിയോളജി വകുപ്പിനേയും രേഖാമൂലം അറിയിച്ചിരുന്നു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ്, വാര്‍ഡ് ചുമതലയുള്ള ക്ലാര്‍ക്ക് മനോജ് കുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
നിയമാനുസൃതമായ അനുവാദമില്ലാതെ കുന്നിടിച്ച് മണ്ണ് കടത്തിയാല്‍ വാഹന ഉടമകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും,
സ്വകാര്യ വ്യക്തിക്ക് അനുവദിച്ച കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ചെങ്ങളായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ് അറിയിച്ചു.
