13,60,300–കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ വന്‍കുഴല്‍പണ വേട്ട-കോഴിക്കോട് സ്വദേശി പിടിയില്‍.

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ കള്ളപ്പണവേട്ട. ക്രിസ്തുമസ് പുതുവത്സര ദിനത്തോടനുബന്ധിച്ച് ഇന്നലെ കണ്ണൂര്‍ ഗവ.റെയില്‍വെ പോലീസ് എസ്.എച്ച്.ഒ കെ.വി. ഉമേഷിന്റെയും കണ്ണൂര്‍ ആര്‍.പി.എഫ് പോസ്റ്റ് കമാന്‍ഡര്‍ ബിനോയ് ആന്റണിയുടെയും നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി വരുന്നതിനിടയിലാണ്

മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയ 16159 നമ്പര്‍ എഗ്മോര്‍ എക്‌സ്പ്രസിന്റെ മുന്‍വശത്തെ ജനറല്‍ കോച്ചില്‍ നിന്നും കണ്ണൂര്‍ പ്ലാറ്റ്‌ഫോമില്‍ ഇറങ്ങിയ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട കോഴിക്കോട് മാങ്കാവിലെ പാലത്ത് പറമ്പ് വീട്ടില്‍ ഗോപാലന്‍ നായരുടെ മകന്‍ കെ.എ.സുരേഷ്‌കുമാറില്‍(52)നിന്ന് 13,60,300 രൂപ പിടിച്ചെടുത്തത്.

ഇയാളുടെ ബാഗില്‍ മൊബൈല്‍ഫോണുകളുടെ പെട്ടികളില്‍ അടുക്കിവെച്ച നിലയിലാണ് പണം ഉണ്ടായിരുന്നത്. ഇത്രയും പണം കൈവശം വെച്ചതിനുള്ള മതിയായ രേഖകള്‍ ഹാജരാക്കാന്‍ ഇല്ലാത്തതിനാല്‍ കസ്റ്റഡിയിലെടുത്ത ഇയാളെ തുടര്‍നടപടികള്‍ക്കായി എന്‍ഫോഴ്‌സമെന്റിന് കൈമാറും.

കണ്ണൂര്‍ ഗവ.റെയില്‍വെ പോലീസിലെ സുരേഷ് കക്കറ, അഷറഫ്, ആര്‍.പി.എഫ് എസ്.ഐ വിനോദ്, എ.എസ്.ഐ ചന്ദ്രന്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ സജീവ്, സജേഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.