കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനകത്ത് രക്തവെറിപൂണ്ട് തെരുവ്‌നായ്ക്കള്‍-

പരിയാരം: കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ രക്തവെറിപൂണ്ട് തെരുവുനായകള്‍ ആശുപത്രിക്കകത്ത്.

ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ആശുപത്രിക്കകത്തും പരിസരത്തും കെട്ടിക്കിടന്നതോടെ യാദൃശ്ചികമായി ബാഗുകള്‍ കടിച്ചുമുറിച്ച തെരുവ് നായകള്‍ ഇതില്‍ നിന്ന് രക്തത്തിന്റെ രുചിയറിഞ്ഞതോടെയാണ് കൂട്ടംകൂട്ടമായി ആശുപത്രിക്കകത്ത് കയറിത്തുടങ്ങിയത്.

അക്രമാസക്തരാവുന്ന തെരുവ്‌നായകള്‍ ആശുപത്രിയിലെത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും ഭീഷണിയായിരിക്കയാണ്.

അടിയന്തിരമായി വരാന്തയിലും പരിസരത്തും കൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തപക്ഷം പ്രശ്‌നങ്ങള്‍ ഗുരുതരമായേക്കും.

എന്നാല്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഐ.എം.എ ഇമേജിന് കുടിശികയൊന്നും നല്‍കാന്‍ ബാക്കിയില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഇമേജ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മാലിന്യങ്ങള്‍ ഇന്നുതന്നെ നീക്കംചെയ്യുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ഐ.എം.എ ആശുപത്രികളില്‍ നിന്നുള്ള ബയോ മെഡിക്കല്‍ മാലിന്യം ശേഖരിക്കുന്നത് കുറച്ചതാണ് മാലിന്യങ്ങള്‍ കെട്ടിക്കിടക്കാന്‍ കാരണമായിരിക്കുന്നത്.

കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പെടെ മാലിന്യങ്ങള്‍ കുന്നുകൂടിയിരിക്കയാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ(ഐ.എം.എ) പാലക്കാട്ടുള്ള ഇമേജ് പ്ലാന്റിലാണ് ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്‌ക്കരിച്ചിരുന്നത്.

2.60 കോടി രൂപയാണഅ ഇതിന് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ലഭിക്കാനുള്ളത്.

വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് 14 മാസമായി തുക ലഭിച്ചിട്ടില്ല.

കോവിഡ് മാലിന്യ നീക്കത്തിന് ജില്ലാ ആശുപത്രികളില്‍ നിന്നുള്ള തുകയും ലഭിക്കാന്‍ ബാക്കിയുണ്ടെന്ന് ഐ.എം.എ പ്രതിനിധി പറഞ്ഞു.

ഇത് സംബന്ധിച്ച് പലതവണ കത്ത് നല്‍കിയിട്ടും പ്രതിഫലം ലഭിക്കാതായതോടെ നവംബര്‍ 15 മുതല്‍ മാലിന്യം ശേഖരിക്കുന്നത് പരിമിതപ്പെടുത്തി.

ഇതോടെ വിവിധ ആശുപത്രികളില്‍ മാലിന്യം കെട്ടിക്കിടക്കുന്നത്. മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഐ.എം.എയുടെ വാഹനങ്ങളുടെ ബില്ലുകള്‍ പോലും നല്‍കാനാവാത്ത പ്രതിസന്ധിയാണെന്ന് ഇമേജ് പ്രതിനിധി പറയുന്നു.

കോവിഡുമായി ബന്ധപ്പെട്ട് മാത്രം 8900 ടണ്‍ ബയോ മാലിന്യങ്ങള്‍ സംസ്ഥാനത്തുനിന്ന് പ്രത്യേകം വാഹനങ്ങളില്‍ ശേഖരിച്ചിരുന്നു.

ഒരു ദിവസം 58 ടണ്‍ മാലിന്യങ്ങളാണ് ഐ.എം.എ കേരളത്തിലെ ആശുപത്രികളില്‍ നിന്ന് ശേഖരിക്കുന്നത്.