ഒ.ചന്ദുമേനോന്റെ ഇന്ദുലേഖ സിനിമയായിട്ട് 57 വര്‍ഷം-
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്നറിയപ്പെടുന്ന ഒ.ചന്തുമേനോന്റെ ഇന്ദുലേഖ 1967 ല്‍ കലാനിലയം കൃഷ്ണന്‍നായര്‍ ചലച്ചിത്രമാക്കി.
നിര്‍മ്മാണവും സംവിധാനവും അദ്ദേഹം തന്നെ.
വൈക്കം ചന്ദ്രശേഖരന്‍ നായരാണ് തിരക്കഥയും സംഭാഷണവും എഴുതിയത്.
പാപ്പനംകോട് ലക്ഷ്ണണന്റെ വരികള്‍ ചിട്ടപ്പെടുത്തിയത് വി.ദക്ഷിണാമൂര്‍ത്തി.
കലാനിലയം ബാനറിന്റെ പേരില്‍ നിര്‍മ്മിക്കപ്പെട്ട സിനിമ വിതരണം ചെയ്തത് ഷണ്‍മുഖ പിക്‌ച്ചേഴ്‌സ്, ലീലാ മൂവീസ്. ടി.എന്‍.കൃഷ്ണന്‍കുട്ടിനായര്‍ ക്യാമറയും വി.പി.വര്‍ഗീസ് എഡിറ്റിംഗും നിര്‍വ്വഹിച്ചു.
കലാസംവിധാനവും പരസ്യവും പി.എന്‍.മേനോന്‍.
രാജ്‌മോഹന്‍, ചേര്‍ത്തല രാമന്‍നായര്‍, വി.കെ.അരവിന്ദാക്ഷമേനോന്‍, ശങ്കരാടി, വൈക്കം മണി, കൊടുങ്ങല്ലൂര്‍ അമ്മിണിയമ്മ, ശ്രീകല, ഓമന, ചങ്ങനാശേരി നടരാജന്‍, ടി.സി.എന്‍.നമ്പ്യാര്‍, മുതുകുളം എന്‍.കെ.ആചാരി, കണ്ടിയൂര്‍ പരമേശ്വരന്‍പിള്ള എന്നിവരാണ് മുഖ്യ അഭിനേതാക്കള്‍.
10 ഗാനങ്ങളാണ് ഈ സിനിമയിലുള്ളത്.
ഇതിലെ സല്‍ക്കലാദേവിതന്‍ എന്ന കമുകറ പുരുഷോത്തമനും അമ്മിണിയും ഗംഗാധരനും ചേര്‍ന്ന് പാടിയ ഗാനമാണ് കലാനിലയം നാടകങ്ങളുടെ അവതരണഗാനമായി ഇപ്പോഴും ഉപയോഗിക്കുന്നത്.
1967 ഫെബ്രുവരി-10 ന് 57 വര്‍ഷം മുമ്പാണ് സിനിമ റിലീസ് ചെയ്തത്. കണ്ണൂരിലെ താവക്കരയിലുള്ള ഇന്നത്തെ സെന്‍ട്രല്‍ അവന്യൂ ഹോട്ടല്‍ നിലനില്‍ക്കുന്ന സ്ഥലത്തുണ്ടായിരുന്ന സെന്‍ട്രല്‍ ടാക്കീസിലാണ് ഇന്ദുലേഖ റിലീസ് ചെയ്തത്.
