ജലനിധിയല്ല, സര്—ഇത് നാട്ടുകാരുടെ തലവിധി-വെള്ളംകൊണ്ട് പൊറുതിമുട്ടി കടന്നപ്പള്ളിക്കാര്‍-
പരിയാരം: എല്ലാ ഭവനങ്ങളിലും കുടിവെള്ളം എന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്ന ജലനിധി നാടിന്റെ തലവിധിയാവുന്നു.

കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ മിക്ക ഗ്രാമീണ റോഡുകളും കുഴിച്ചാണ് ജലമെത്തിക്കുന്നത്.
എന്നാല്‍ പദ്ധതി വഴി വെള്ളം നല്കാന് തുടങ്ങിയതോടെ റോഡു മുഴുവന്‍ തോടായി മാറി.
മുഴുവന്‍ റോഡും കീറി മുറിച്ചാണ് പൈപ്പിട്ടത്. അതു കൊണ്ടു തന്നെ എല്ലായിടങ്ങളിലും റോഡ് കുഴിയായി ഗതാഗതം ദുരിതമായതായി നാട്ടുകാര്‍ പറയുന്നു.
കുഴിച്ച ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്തുവെങ്കിലും ചെയ്ത ഉടന്‍ വാഹനങ്ങള്‍ പോയതോടെ വീണ്ടും കുഴിയായി.
ചിലയിടങ്ങളില്‍ കുഴി മൂടാത്ത സ്ഥിതിയുമുണ്ട്. ഇതിന് പുറമെ ജംഗ്ഷനുകളില്‍ വെള്ളം പൊട്ടി റോഡില്‍ ഒഴുകുന്നതും പതിവായി.
വീടുകളിലേക്ക് വെള്ളം നല്കാന് നേരിയ പി.വി.സി. പൈപ്പാണ് ഉപയോഗിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
ഇത് വെള്ളം വന്ന ഉടന്‍ ഒടിഞ്ഞു പോകുന്നതായും പരാതിയുണ്ട്. സ്റ്റീല്‍ പൈപ്പിനു പകരം ഇതില്‍ തന്നെയാണ് വെള്ളമെടുക്കാനുള്ള ടാപ്പും ഫിറ്റ് ചെയ്തത്.
ഇതുമൂലം വെള്ളം തുറക്കുമ്പോള്‍ പൈപ്പ് ഒടിഞ്ഞ് പൊട്ടുന്നതായി ഉപഭോക്താക്കള്‍ പറയുന്നു.
ടാപ്പ് ഫിറ്റു ചെയ്യാന്‍ വീട്ടുകാരോട് ജി.ഐ പൈപ്പ് വാങ്ങാന്‍ പറഞ്ഞിരുന്നുവെങ്കില്‍ വാങ്ങി നല്‍കുമായിരുന്നുവെന്ന് ഗുണഭോക്താതാക്കള്‍ തന്നെ പറയുന്നു.
ഇതു പോലും ചെയ്യാതെ പി.വി.സി പൈപ്പില്‍ ടാപ്പ് പിടിപ്പിച്ച് പ്രഹസനമാക്കിയതായാണ് പരാതി. മാത്രമല്ല, ഈ പൈപ്പിന് ഒരു സപ്പോര്‍ട്ട് പൈപ്പ് സ്ഥാപിക്കാന്‍ വരെ തയ്യാറായില്ല.
പഞ്ചായത്തിലെ ചില വാര്‍ഡുകളില്‍ കഴിഞ്ഞ ദിവസമാണ് എല്ലാ വീടുകളിലും വെള്ളം നല്‍കിയത്. എന്നാല്‍ തുറന്നു വിട്ട് മണിക്കൂറുകള്‍ക്കകം പൈപ്പുകള്‍ പൊട്ടി ജലമൊഴുകാന്‍ തുടങ്ങി.
11, 12 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പുത്തൂര്‍ കുന്നുമുതല്‍ കോട്ടത്തുംചാല്‍ വരെയുള്ള മുക്കാല്‍ കിലോമീറ്ററിനുള്ളില്‍ ഒരു ഡസനോളം സ്ഥലത്താണ് വെള്ളം ഒഴുകിയത്.
ഇതിനു പുറമെ പോക്കറ്റ് റോഡുകളും തോടായി മാറി.ഞായറാഴ്ച ഉച്ചമുതല്‍ തിങ്കളാഴ്ച രാവിലെ വരെ വെള്ളം ഒഴുകി പാഴായി.തിങ്കളാഴ്ച ഉച്ചയോടെയാണ് റിപ്പേര്‍ ചെയ്ത് വെള്ളം ഒഴുകുന്നത് തടയാനായത്.
തുടക്കം ഇങ്ങനെയായാല്‍ പൈപ്പ് പഴകിയാല്‍ എന്താവും എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. എല്ലാ വീടുകളിലും വെള്ളമെത്തിച്ചില്ലെങ്കിലും കൊടുക്കുന്ന പ്രവര്‍ത്തി കുറ്റമറ്റതാക്കാമായിരുന്നുവെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. മാത്രമല്ല ഗ്രാമീണ റോഡുകളുടെ സ്ഥിതി എന്താകുമെന്ന ചോദ്യവും ഉയരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം സര്‍ക്കാരിന്റെ ഗുണനിലവാര നിര്‍ണ്ണയ ഏജന്‍സി പരിശോധിച്ച് ഉറപ്പു വരുത്തിയ പൈപ്പാണ് പദ്ധതിക്കു വേണ്ടി ഉപയോഗിച്ചതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
പൈപ്പ് പൊട്ടിയാല്‍ ഉത്തരവാദികരാറുകാരാണെന്നും പദ്ധതി പൂര്‍ത്തിയാക്കി ഒരു വര്‍ഷം വരെ അപാകത സംഭവിച്ചാല്‍ അവര്‍ നന്നാക്കണമെന്ന് കരാറില്‍ വ്യവസ്ഥയുണ്ട്.
അതിനവര്‍ തയ്യാറായില്ലെങ്കില്‍ നടപടിയുണ്ടാവുമെന്നും ബന്ധപ്പെട്ട എന്‍ജിനീയര്‍ അറിയിച്ചു.
