ആനത്തലയോളം വെണ്ണ തന്ന ജീവിതനൗക-ഇന്ന് 73-ാം വര്‍ഷം.

മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ മെഗാഹിറ്റ് സിനിമയാണ് ജീവിതനൗക.

കെ.ആന്റ് കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കുഞ്ചാക്കോയും കെ.വി.കേശിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.

കെ.വെമ്പുവാണ് സംവിധായകന്‍.

തിക്കുറിശി സുകുമാരന്‍ നായര്‍ നായകനും ബി.എസ്.സരോജ നായികയുമായി അഭിനയിച്ച സിനിമയില്‍ മുതുകുളം രാഘവന്‍പിള്ള, എസ്.പി.പിള്ള, മാത്തപ്പന്‍, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, പങ്കജവല്ലി, ബി.ആദിമൂലം, ജഗദമ്മ, ബേബി ഗിരിജ, മുളവന സോമന്‍ പിള്ള, നാണുക്കുട്ടന്‍, ജാനമ്മ, ചെങ്ങന്നൂര്‍ ജാനകി എന്നിവരാണ് പ്രധാന വേഷങ്ങളില്‍.

അഭയദേവ്, വള്ളത്തോള്‍ നാരായണ മേനോന്‍ എന്നിവരുടെ വരികള്‍ക്ക് വി.ദക്ഷിണാമൂര്‍ത്തി സംഗീതം പകര്‍ന്നു.

15 ഗാനങ്ങളാണ് ഈ സിനിമയിലുള്ളത്.

കഥ, തിരക്കഥ, സംഭാഷണം എഴുതിയത് മുതുകുളം രാഘവന്‍പിള്ള, ക്യാമറ-പി.ബി.മണി, ചിത്രസംയോജനം-കെ.ഡി.ജോര്‍ജ്, വി.പി.വര്‍ഗീസ്, കല-ലക്ഷ്മണ്‍ മാലം.

1951 മാര്‍ച്ച്-15 നാണ് 73 വര്‍ഷം മുമ്പ് ഇതേ ദിവസം ജീവിതനൗക റിലീസ് ചെയ്തത്.

കഥാസംഗ്രഹം

രാജുവും സോമനും ജ്യേഷ്ടാനുജന്മാരാണ്. പണക്കൊതി മൂത്തു എന്തു ദുഷ്ടത്തരവും ചെയ്യാന്‍ മടിക്കാത്ത ജാനുവാണ് രാജുവിന്റെ ഭാര്യ. സ്ഥലത്തെ വിടനായ മുതലാളിയുടെ കാര്യസ്ഥനായ തന്റെ മൂത്ത സഹോദരന്റെ സഹായത്താല്‍ സോമന്‍ കേളേജ് വിദ്യാഭ്യാസം നേടി. മുതലാളിയുടെ ശിങ്കിടിയായി ഒരു കുടിവക്കീലുണ്ട്. ശുദ്ധഹൃദയനായ രാജുവിനെ വശീകരിച്ച് മുതലാളിയുടെ പണം അപഹരിക്കുകയാണ് അയാളുടെ ജോലി.

ഓണപ്പാട്ടും, ഓലക്കുട കെട്ടലും, കോലം തുള്ളലുമായി കിട്ടുന്ന കാശു കൊണ്ടു കഷ്ടിച്ചു ജീവിച്ചു പോന്ന കേശവക്കണിയാരുടെ മകള്‍ ലക്ഷ്മി സോമന്റെ കണ്ണില്‍ പെട്ടു. അന്നു മുതല്‍ അവര്‍ സ്‌നേഹത്തിലായി. കാലചക്രത്തിരിവില്‍ ആ സ്‌നേഹം പ്രേമമായി പരിണമിച്ചു.

ബി.എ. പാസ്സായാല്‍ സോമനെക്കൊണ്ട് തന്റെ ബന്ധത്തില്‍പ്പെട്ട സരള എന്ന യുവതിയെ വിവാഹം കഴിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് ജാനു. ആ ബന്ധം കൊണ്ട്് സരളയുടെ സ്വത്തു കൂടി തന്റേതാക്കാം എന്ന കണക്കുകൂട്ടലില്‍ നിന്നാണ് ജാനുവിന്റെ ആഗ്രഹം ഉദിച്ചത്.

കണിയാര്‍ മരിച്ച ശേഷം സോമന്‍ ലക്ഷ്മിയ്ക്കു പല സഹായങ്ങളും ചെയ്തു കൊണ്ടിരുന്നു. സരളയുമായുള്ള വിവാഹക്കാര്യം സോമനോട് പറഞ്ഞപ്പോഴാണ് രാജുവും ജാനുവും, സോമനും ലക്ഷ്മിയുമായും ഉള്ള പ്രേമബന്ധത്തെപ്പറ്റി അറിയുന്നത്. ലക്ഷ്മിയുമായുള്ള ബന്ധത്തിനു എതിരു നിന്നാല്‍ അവര്‍ ഇരുവരും ആത്മഹത്യ ചെയ്യുമെന്ന് പൂര്‍ണ്ണബോദ്ധ്യമായ രാജു വിവാഹത്തിനു സമ്മതം മൂളി. വിവാഹശേഷവും ജ്യേഷ്ഠനുമൊത്തു താമസമാക്കിയ സോമനും ലക്ഷ്മിയ്ക്കും ജാനുവില്‍ നിന്നും പലവിധ യാതനകളും അനുഭവിക്കേണ്ടിവന്നു. ഇക്കാലത്ത് അവര്‍ക്ക് ഒരാണ്‍കുട്ടിയും ജനിച്ചു.

ജാനുവിന്റെ ഉപദ്രവം സഹിക്ക വയ്യാതെ സോമന്‍ ലക്ഷ്മിയുമൊത്ത് അവളുടെ ചെറുകുടിലിലേക്കു താമസം മാറ്റി. കുടുംബം പുലര്‍ത്താനായി ലക്ഷ്മിയേയും മകനേയും പിരിഞ്ഞു സോമന്‍ ജോലി അന്വേഷിച്ചു നാടു വിട്ടു. ജാതകം നോക്കി തന്റെ സഹോദരനും കോമാളിയുമായ ശങ്കുവിനെക്കൊണ്ടു ജാനു ലക്ഷ്മിയെ പലവിധത്തിലും ഉപദ്രവിച്ചു. സഹായത്തിനായി മുതലാളിയെ സമീപിച്ച ലക്ഷ്മിയെ അയാള്‍ ബലാല്‍സംഗം ചെയ്യുവാനൊരുങ്ങി. പക്ഷെ വഴിപ്പെടാതിരുന്ന ലക്ഷ്മിയുടെ വീട് തീ വച്ചു നശിപ്പിച്ച് മുതലാളി അവളെ നാട്ടില്‍ നിന്നും ആട്ടിപ്പായിച്ചു. ജോലി അന്വേഷിച്ചു് അലഞ്ഞുതിരിഞ്ഞ സോമന്റെ മേല്‍ ചന്ദ്രവിലാസത്തിലെ അമ്മയും മകളും സഞ്ചരിച്ചിരുന്ന കാര്‍ മുട്ടി. പരിക്കേറ്റു താഴെ വീണ സോമനെ അവര്‍ എടുത്തു ബംഗ്ലാവില്‍ കൂട്ടിക്കൊണ്ടുപോയി. ദയയും കരുണയും തോന്നി സോമനെ അവര്‍ അവരുടെ എസ്റ്റേറ്റ്് മാനേജറാക്കി. നാട്ടില്‍ നിന്നും ഓടിക്കപ്പെട്ട ലക്ഷ്മി പുത്രനുമൊത്ത് സോമന്‍ താമസിക്കുന്ന ബംഗ്ലാവിന്റെ പരിസരത്തെത്തി. മറ്റു ചില തരുണികളുടെ കൂട്ടത്തില്‍ സോമനെ കണ്ട് തെറ്റിദ്ധരിച്ച ലക്ഷ്മി ആത്മഹത്യക്കൊരുങ്ങി. പത്‌നിയിലുപരി താനൊരു മാതാവാണെന്നു ബോധം ഉണ്ടായ ലക്ഷ്മി ആ ശ്രമത്തില്‍ നിന്നും പിന്‍തിരിഞ്ഞ് മകനോടു കൂടി ഒരു യാചകകേന്ദ്രം തുടങ്ങി. അതിന്റെ നടത്തിപ്പിനായി പണമുണ്ടാക്കുവാന്‍ നാടകക്കമ്പനിയില്‍ ചേര്‍ന്നു. ലക്ഷ്മി അഭിനയിച്ച സ്‌നാപകയോഹന്നാന്‍ എന്ന നാടകത്തിലെ ചില വാക്കുകള്‍ സോമന്റെ ഹൃദയത്തിലാഞ്ഞു തറച്ചു. സോമന്‍ ലക്ഷ്മിയേയും മകനേയും തിരക്കി വീട്ടിലെത്തി. പക്ഷെ അവര്‍ നാടുവിട്ടു എന്നറിഞ്ഞ സോമന്‍ നിരാശയിലും സങ്കടത്തിലുമാണ്ടു. മടങ്ങുവാന്‍ തീരുമാനിച്ച സോമന്‍ തന്റെ സഹോദരന്‍ മുതലാളിയില്‍ നിന്നും അയ്യായിരം രൂപ അപഹരിച്ചു എന്ന വിവരമറിഞ്ഞു. പണവും പണ്ടങ്ങളുമായി കടന്നുകളഞ്ഞ ജാനുവിനേയും ശങ്കുവിനേയും കുടിലനും തന്ത്രജ്ഞനുമായ വക്കീലിന്റെ ആള്‍ക്കാര്‍ പിന്‍തുര്‍ന്നാക്രമിച്ചു. സംഘട്ടനത്തില്‍ ശങ്കു കുത്തേറ്റ് മൃതിയടഞ്ഞു. കുറ്റം സോമന്റെ മേല്‍ ചാര്‍ത്തപ്പെട്ടു.

സോമനു തന്റെ നിരപരാധിത്വം തെളിയിക്കുവാന്‍ സാധിച്ചു. കുടിലനായ വക്കീല്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. സോമന്‍ ചന്ദ്രവിലാസത്തിലെത്തി തന്റെ പ്രാണപ്രേയസിയേയും മകനേയും തിരിഞ്ഞുപിടിച്ചു. അവര്‍ ഒന്നുചേര്‍ന്നു.

കള്ളന്മാരുടെ കയ്യിലകപ്പെട്ട് എല്ലാം നഷ്ടപ്പെട്ടു ജീവിക്കുവാന്‍ യാചകവൃത്തി ചെയ്യേണ്ടിവന്ന ജാനു ഒരു നാള്‍ പിച്ചച്ചട്ടിയുമായി സോമന്റെ ബംഗ്ലാവിലെത്തി. ചേട്ടത്തിയെ കണ്ട മാത്രയില്‍ ലക്ഷ്മി തിരിച്ചറിഞ്ഞു. കഴിഞ്ഞതെല്ലാം മറന്നു സ്‌നേഹപൂര്‍വ്വം ആശ്ലേഷിച്ചു ലക്ഷ്മി ജാനുവിനെ സ്വീകരിക്കുന്നതോടെ സിനിമ അവസാനിക്കുന്നു.