ജെസി ഷിജി വട്ടക്കാട്ട് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, അനീഷ് പൂവനാട്ട് വൈസ് പ്രസിഡന്റ്-

തളിപ്പറമ്പ്: ജെസി ഷിജി വട്ടക്കാട്ട് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.

ഇന്ന് രാവിലെ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 8 നെതിരെ 9 വോട്ടുകള്‍ക്കാണ് ഇവര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

മുസ്ലിംലീഗ് സ്വതന്ത്രയായി തേര്‍ത്തല്ലി വാര്‍ഡില്‍ നിന്നാണ് ജെസി ഷിജി വട്ടക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. പ്രേമലതയെയാണ് ജെസി ഒരു വോട്ടിന് പരാജയപ്പെടുത്തിയത്.

കോണ്‍ഗ്രസിലെ അനീഷ് പൂവനാട്ട് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

സി.പി.എമ്മിലെ പി.കെ.കുഞ്ഞിരാമനെയാണ്
അനീഷ് പരാജയപ്പെടുത്തിയത്.

യു.ഡി.എഫിലെ ധാരണപ്രകാരം രണ്ടര വര്‍ഷമാണ് കാലാവധി. അതിന് ശേഷം കോണ്‍ഗ്രസിലെ പ്രമീള രാജന്‍ പ്രസിഡന്റും മുസ്ലിംലീഗിലെ വി.എ.റഹിം വൈസ് പ്രസിഡന്റുമാവും.

ആദ്യത്തെ രണ്ടര വര്‍ഷം പ്രസിഡന്റ് പദവി മുസ്ലിം ലീഗിനും തുടര്‍ന്നുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസിനുമാണ്.

ഡി.സി.സി ജന.സെക്രട്ടെറി മനോജ് കുമാര്‍ കൂവേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെസി ഷിജിയെ അനുമോദിച്ചു.

ഡി.സി.സി ജന. സെക്രട്ടറിമാരായ ടി.ജനാര്‍ദ്ദനന്‍, നൗഷാദ് ബ്ലാത്തൂര്‍, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, അബൂബക്കര്‍ വായാട്, എം.വി. പ്രേമരാജന്‍, കൊയ്യം ജനാര്‍ദ്ദനന്‍, ടി.സരസ്വതി, പി.വി.അബ്ദുള്ള, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.പ്രേമലത, പി.ശ്രീമതി, തളിപ്പറമ്പ് പ്രസ്‌ഫോറം പ്രസിഡന്റ് എം.വി.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

30 വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തിന് ശേഷമാണ് ഇവിടെ യു.ഡി.എഫ് അധികാരം പിടിക്കുന്നത്.

2020 ല്‍ അധികാരമേറ്റ സി.പി.എം പ്രാദേശികനേതാവ് സി.എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കെടുകാര്യസ്ഥതയും ധൂര്‍ത്തും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രധാന പ്രചാരണ വിഷയങ്ങളായിരുന്നു.

കഴിഞ്ഞ 30 വര്‍ഷമായി എല്‍.ഡി.എഫ് കാത്തുസൂക്ഷിച്ച സി.പി.എം കോട്ടകള്‍ ഇളക്കാന്‍ കാരണമായത് കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭരണമാണെന്ന വിമര്‍ശനം ശക്തിപ്പെട്ടുവരികയാണ്.