ജ്യോതി മല്‍ഹോത്ര കണ്ണൂരില്‍ തെയ്യം കാണാനെത്തി, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; അന്വേഷണം


കണ്ണൂര്‍: പാകിസ്ഥാന് വേണ്ടി ഇന്ത്യയില്‍ ചാരവൃത്തി നടത്തിയെന്ന കേസില്‍ പിടിയിലായ ഹരിയാനയിലെ യുട്യൂബര്‍ ജ്യോതി മല്‍ഹോത്ര (Jyoti Malhotra) കേരളത്തിലെ കൂടുതല്‍ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്.
പയ്യന്നൂരിനു സമീപത്തെ കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ നടന്ന തെയ്യം ചടങ്ങില്‍ ജ്യോതി മല്‍ഹോത്ര പങ്കെടുത്തതായാണ് പുതിയ വിവരം.
തെയ്യത്തിന്റെ വിഡിയോയിലും ജ്യോതിയുടെ ദൃശ്യങ്ങളുണ്ട്.
ജ്യോതി സോഷ്യല്‍ മീഡിയയിലും കണ്ണൂരിലെ സന്ദര്‍ശനത്തിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
വിവരം പുറത്തുവന്നതോടെ പൊലീസ് അന്വേഷണമാരംഭിച്ചു.
കഴിഞ്ഞ ജനുവരിയില്‍ കേരളത്തില്‍ നടത്തിയ ഏഴുദിവസത്തെ സന്ദര്‍ശനത്തിനിടെ ജ്യോതി ഈ ക്ഷേത്രത്തിലുമെത്തിയെന്നാണ് കരുതുന്നത്.

ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കേരളത്തിലും എത്തിയിരുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
കണ്ണൂരില്‍ നിന്നാണ് ജ്യോതി യാത്ര ആരംഭിച്ചത്.
ദൃശ്യങ്ങളില്‍ വിമാനത്താവളവും വിവരണങ്ങളും പങ്കുവെക്കുന്നുണ്ട്. കോഴിക്കോട്, തൃശ്ശൂര്‍, മൂന്നാര്‍, ആലപ്പുഴ, കൊച്ചി, തിരുവനന്തപുരം, ഇടുക്കി എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം വിഡിയോയും ചിത്രങ്ങളും പകര്‍ത്തിയിരുന്നു.

സ്വന്തം യൂട്യൂബ് ചാനലിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.
ഈ യാത്ര വെറുമൊരു യാത്രയല്ലെന്നും ഓര്‍മകളുടെ യാത്രയാണെന്നും ജീവിച്ചിരിക്കുന്ന കാലത്തോളം ഓര്‍മ്മിപ്പിക്കപ്പെടുമെന്നും കേരളത്തിലെ സന്ദര്‍ശനത്തിന് ശേഷം പങ്കുവെച്ച വിഡിയോയില്‍ ജ്യോതി പറയുന്നുണ്ട്.

